കൊറോണ മാറ്റാന്‍ ചാണകവും ഗോമൂത്രവും മതി എന്ന് ബിജെപി വനിതാ എംഎല്‍എ

ചാണകവും ഗോമൂത്രവും കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധമെന്ന് ബിജെപി വനിതാ എംഎല്‍എ. അസമില്‍ നിന്നുള്ള എംഎല്‍എ സുമന്‍ ഹരിപ്രിയ നിയമസഭയിലാണ് പുതിയ കണ്ടുപിടിത്തം വെളിപ്പെടുത്തിയത്.

ചാണകം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാന്‍ ചാണകം സഹായിക്കുമെന്നാണ് സുമന്റെ വാദം. ഗോമൂത്രത്തിനും വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്നും സുമന്‍ പറഞ്ഞു. പശുക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

ശാസ്ത്രീയമായ കാരണങ്ങള്‍ കൊണ്ടാണ് മതപരമായ ചടങ്ങുകള്‍ക്ക് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത്. ഗുജറാത്തിലെ വിവിധ ആശുപത്രികളില്‍ രോഗികള്‍ക്ക് ചാണകവും ഗോമൂത്രവും ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചാമൃത് നല്‍കാറുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ രണ്ടും നല്ല ഔഷധമാണ്. ഇതിലൂടെ പലരുടെയും രോഗം മാറിയതായി മനസിലാക്കിയിട്ടുണ്ട്. പശു തങ്ങള്‍ക്ക് തരുന്ന എല്ലാം പ്രധാനമാണെന്നും എംഎല്‍എ പറഞ്ഞു. ചാണകത്തെ കുറിച്ചും ഗോമൂത്രത്തെ കുറിച്ചും സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്.

മതപരമായ ചടങ്ങുകള്‍ക്കിടയില്‍ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിന് പിന്നില്‍ ശാസ്ത്ര കാരണങ്ങളുണ്ട്. ഗുജറാത്തിലെ ചില ആശുപത്രികളില്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നുണ്ട്. അവിടെയുള്ള രോഗികളെ പശുവിനോടൊപ്പം താമസിപ്പിക്കുകയും ചാണകവും ഗോമൂത്രവും ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചാമൃതം നല്‍കുകയും ചെയ്യുന്നുണ്ടെന്നും സുമന്‍ ഹരിപ്രിയ പറഞ്ഞു.

ഈ മാര്‍ഗത്തിലൂടെ കാന്‍സര്‍ രോഗികളുടെ അസുഖം മാറുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കൊണ്ടാണ് പുരാത കാലത്ത് ജനങ്ങള്‍ പശുവിനെ ആരാധിച്ചിരുന്നതിനുള്ള കാരണം.