ബി ജെ പി മന്ത്രിയുടെ മകള്‍ക്ക് 500 കോടിയുടെ ആഢംബര വിവാഹം ; മോദിയും അമിത് ഷായും മുഖ്യ അതിഥികള്‍

ഇതുവരെ സംസ്ഥാനം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ചെലവേറിയ കല്യാണത്തിന് ഒരുങ്ങുകയാണ് കര്‍ണ്ണാടക. BJP നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ ബി ശ്രീരാമലുവിന്റെ മകള്‍ രക്ഷിതയുടെ വിവാഹമാണ് അഞ്ഞൂറ് കോടി ചിലവില്‍ മാര്‍ച്ച് 5ന് നടക്കുക. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മെഹന്തി ചടങ്ങുകള്‍ മാര്‍ച്ച് 3ന് ബംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് നടക്കുക.

വിവാഹ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ബി എസ് യെദ്ദ്യുരപ്പ തുടങ്ങിയവരാണ് വിശിഷ്ടാതിഥികള്‍… കൂടാതെ, ബോളിവുഡിലെയും കന്നഡ സിനിമാ രംഗത്തെ പ്രമുഖരുള്‍പ്പെടെ ചടങ്ങില്‍ സംബന്ധിക്കും. വിവാഹത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളെയാണ് ക്ഷണിച്ചിട്ടുള്ളത്. വിവാഹക്ഷണക്കത്തിനൊപ്പം ഏലം, കുങ്കുമപ്പൂവ് തുടങ്ങിയവയുടെ ഒരു പെട്ടിയും സമ്മാനമായി നല്‍കിയിരുന്നു.

ബ്രാഹ്മണരീതിയിലുള്ള വിവാഹചടങ്ങുകള്‍ യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം പിടിച്ച ഹംബിയിലെ വിറ്റാല ക്ഷേത്രത്തിന് സമാനമായി ഒരുക്കിയ സെറ്റിലാവും നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ രണ്ടാമത്തെ ‘500 കോടി’യുടെ വിവാഹമാണ് ഇത്. ബിജെപി നേതാവും മുന്‍ മന്ത്രിയും ഖനി ഉടമയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയുടെ മകളുടെ വിവാഹമാണ് ഇതിന് മുന്‍പ് കര്‍ണാടകം സാക്ഷ്യം വഹിച്ച ചിലവേറിയ വിവാഹം. 2016 മാര്‍ച്ചില്‍ നടന്ന വിവാഹമാമാങ്കത്തില്‍ 550 കോടി രൂപ ചെലവഴിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹത്തെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്ത, ബോളിവുഡ് നടി ദീപിക പദുകോണിന്റെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്ത സാനിയ സര്‍ദാരിയയാണ് രക്ഷിതയുടെയും കല്യാണ വസ്ത്രങ്ങള്‍ ഒരുക്കുന്നത് എന്നതാണ്. കൂടാതെ, പ്രശസ്തനായ ഫോട്ടോ ഗ്രാഫര്‍ ജയരാമന്‍ പിള്ളയെയാണ് ചിത്രങ്ങള്‍ എടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.