ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനെ വിവരാവകാശ അപേക്ഷ ഫീസും രേഖകള്‍ക്കുള്ള ചിലവും അടക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജ്ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ്
വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങള്‍ അപേക്ഷിക്കുന്നതിനുള്ള ഫീസും രേഖകള്‍ക്കുള്ള ചിലവും അടക്കേണ്ട പണം ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനെ നല്‍കുവാനും സാധിക്കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയില്‍ മറുപടി സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി കേരള സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
വിദേശ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാം മുഖേനെയാണ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചത്.വിവരാവകാശ നിയമപ്രകാരം അപേക്ഷ ഫീസും രേഖകള്‍ക്കുള്ള ചിലവും അടക്കുന്നതിന് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറുകള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര മന്ദ്രാലയത്തിന്റെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേര്‍സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും അനുവദീനയമല്ല. ഈ കാരണത്താല്‍ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്കാണ് ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നയത്തില്‍ കൂടുതലും കഷ്ടത അനുഭവിക്കുന്നത് വിദേശത്തുള്ള പ്രവാസികളാണ്.
വിവരാവകാശ നിയമം മുഖേനെ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയുള്ള പണമടക്കല്‍ അസാധുവായ രീതിയാണെന്ന് ചൂണ്ടിക്കാട്ടി പല സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവരങ്ങള്‍ നല്‍കുവാന്‍ വിസമ്മതം കാണിക്കുന്നത് കേരളത്തില്‍ പതിവാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് 2013 ല്‍ ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ (ഇ-ഐ.പി.ഒ) സേവനം ആരംഭിച്ചു. 176 ഇന്ത്യന്‍ എംബസികളില്‍ ഈ സേവനം ലഭ്യമാണ്. ഇത് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറുകളുടെ നിലവിലുള്ള പ്രാധാന്യത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും നാളിതുവരെയായി കേരള സര്‍ക്കാരിന്റെ നയത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അറിയാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം ഫലപ്രദമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങളില്‍ പറയുന്നു. ആയതിനാല്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ ഫീസും രേഖകള്‍ നല്‍കുന്നതിനുള്ള ചിലവും ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനെ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള നിലവിലെ കേരള സര്‍ക്കാരിന്റെ നയം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, ഇത് വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യത്തിന് എതിരാണെന്നും പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുനെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചത്. ഹര്‍ജ്ജി പരിഗണിച്ച ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ മൂന്നാഴ്ചക്കകം മറുപടി സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിന് നോട്ടീസ് അയച്ചു. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇത് വരെ ഓണ്‍ലൈനായി വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുവാന്‍ നിലവില്‍ സാധ്യമല്ല. ഈ ആവശ്യമുന്നയിച്ചു വിവരാവകാശ പ്രവര്‍ത്തകനും പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രെസിഡന്റുമായ അഡ്വ. ഡി ബി ബിനു നല്‍കിയ ഹര്‍ജ്ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.പ്രവാസി ലീഗല്‍ സെല്ലിന് വേണ്ടി അഡ്വ. ജോസ് എബ്രഹാം ഹൈക്കോടതിയില്‍ ഹാജ്ജരായി. പ്രവാസികളുമായി ബന്ധപ്പെട്ട- വിദേശത്തും, സ്വദേശത്തുമുള്ള നിയമ പ്രശ്‌നങ്ങളില്‍ സഹായത്തിനായി പ്രവാസി ലീഗല്‍ സെല്‍ അംഗങ്ങളെ സമീപിക്കാമെന്ന് പി. എല്‍ സി ഭാരവാഹികള്‍ അറിയിച്ചു.