കൊറോണ ; മക്കയും മദീനയും താല്‍ക്കാലികമായി അടച്ചു

കൊറോണ ഭീഷണിയെ തുടര്‍ന്ന് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സൗദി അറേബ്യ അറിയിച്ചു. ഒരാഴ്ച മുന്‍പ് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ളതടക്കം തീര്‍ഥാടകരെ വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ചിരുന്നു.

അതേസമയം തീര്‍ഥാടനം നര്‍ത്തിവച്ചത് താല്‍ക്കാലികമായാണെന്നും എന്നാല്‍ എന്ന് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാവര്‍ഷവും ദശലക്ഷക്കണക്കിന് തീര്‍ഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും എത്താറുള്ളത്. കൊറോണ ഭീതിയില്‍ യു എ യിലെ പല പള്ളികളിലും വെള്ളിയാഴ്ച നമസ്‌ക്കാരം ഒഴിവാക്കിയിരുന്നു. അതുപോലെ ഇറ്റലിയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആരാധനകള്‍ ഒഴിവാക്കിയിരുന്നു.

അതിനിടെ വിദേശത്ത് കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതുപോലെ രാജ്യത്ത് അസുഖബാധിതരുടെ എണ്ണം 29 ആയി. ജയ്പുരിലെത്തിയ 15 അംഗ ഇറ്റാലിയന്‍ സംഘത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ ആഗ്രയില്‍ ആറുപേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.