ഇനി മാറ്റമില്ല ; നിര്‍ഭയ പ്രതികളുടെ വധശിക്ഷ ഈ മാസം 20ന്

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ്. പാട്യാല കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 20 ന് രാവിലെ 5.30 ന് പ്രതികളെ തൂക്കിലേറ്റണമെന്ന് വരണ വാറന്റില്‍ പറയുന്നു. എല്ലാ പ്രതികളുടേയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ് പ്രഖ്യാപിച്ചത്. ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയിരുന്നു. പ്രതികള്‍ക്ക് മുന്നില്‍ ഇനി നിയമപരിഹാര മാര്‍ഗങ്ങള്‍ അവശേഷിക്കുന്നില്ല. പവന്‍കുമാറിന് ജയില്‍ചട്ട പ്രകാരം പതിനാല് ദിവസം കൂടി ലഭിക്കും.

2012 ഡിസംബറിലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടുന്ന ബസില്‍ പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെ മരിച്ചു. ആറുപേരാണ് കേസിലെ പ്രതികള്‍. മുഖ്യപ്രതിയായ റാം സിംഗ് തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. ഇത് നാലാം തവണയാണ് നിര്‍ഭയ കേസില്‍ കോടതി മരണ വാറന്റ് പുറപ്പെടുവിക്കുന്നത്.