ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു ; പദവികള്‍ ഏറ്റെടുക്കില്ലെന്ന് പറഞ്ഞവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറിമാരായിരുന്ന എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി. എംടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. അതേസമയം, സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പുതിയ പട്ടികയ്ക്കെതിരെ രംഗത്തെത്തി. ഗ്രൂപ്പ് പരിഗണിച്ചാണ് പട്ടികയെന്നും താന്‍ ചുമതലയേറ്റെടുക്കില്ലെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. മുരളീധരപക്ഷത്തിന് വ്യക്തമായ ആധിപത്യമുള്ളതാണ് ഭാരവാഹി പട്ടിക എന്നാണ് വിലയിരുത്തല്‍. അതേസമയം തന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ല എന്നാവര്‍ത്തിച്ചവരെ ഉള്‍പ്പെടുത്തി സംസ്ഥാന BJPയുടെ പുതിയ ഭാരവാഹി പട്ടിക സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പുറത്തിറക്കി.

മെരിറ്റിനാണ് പ്രാധാന്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും ഭാരവാഹിപട്ടികയില്‍ മുരളീധരപക്ഷത്തിന് ശക്തമായ ആധിപത്യമാണുള്ളത്. കെ സുരേന്ദ്രന്റെ കീഴില്‍ ഭാരവാഹിയാകാനില്ലെന്ന നിലപാടെടുത്ത എഎന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും സംസ്ഥാന വൈസ്പ്രസിഡന്റുമാരായി. ഡോ കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ എ പി അബ്ദുള്ളകുട്ടി, ഡോ ജെ പ്രമീളാദേവി, ജി രാമന്‍നായര്‍, എം എസ് സമ്പൂര്‍ണ, പ്രൊഫ വി ടി രമ, വി വി രാജന്‍ എന്നിവരാണ് മറ്റ് സംസ്ഥാന വൈസ്പ്രസിഡന്റുമാര്‍.

എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. നാലംഗ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ള മറ്റ് മൂന്നുപേരും മുരളീധരപക്ഷക്കാരാണ്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരവാഹി പട്ടികയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്നും മെറിറ്റാണ് മാനദണ്ഡമെന്നും BJP സംസ്ഥാന അദ്ധ്യക്ഷന്‍ പറയുന്നു. അതേസമയം, സുരേന്ദ്രന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ എതിര്‍പ്പ് പ്രകടിപിച്ചവരെ സ്ഥാനക്കയറ്റം നല്‍കി തൃപ്തിപ്പെടുത്താനുള്ള ശ്രമം പാര്‍ട്ടി നടത്തിയിട്ടുണ്ട്. പക്ഷെ ഇത് എത്രത്തോളം വിജയിക്കുമെന്നാണ് ഇനി കാണേണ്ടത്.