ഇന്ത്യയില്‍ കൊറോണ പരത്തിയത് സോണിയ ഗാന്ധിയും കുടുംബവും എന്ന് സംഘപരിവാര്‍ എം പി

ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണമായത് ഗാന്ധി ഫാമിലി ആണെന്ന വിചിത്ര വാദവുമായി രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (RLP) എംപി ഹനുമാന്‍ ബെനിവാള്‍. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത് സോണിയ ഗാന്ധിയുടെ കുടുംബത്തില്‍ നിന്നാണോയെന്ന് അന്വേഷിക്കണം എന്നായിരുന്നു ബിജെപി സഖ്യകക്ഷിയായ RLP എംപിയുടെ പരാമര്‍ശം. ‘ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ അധികമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടില്‍നിന്നാണോ വൈറസ് പടര്‍ന്നതെന്നതില്‍ അന്വേഷണം വേണം’, ഹനുമാന്‍ ബെനിവാള്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ മിക്കവര്‍ക്കും ഇറ്റലിയുമായി ബന്ധമുണ്ട്. കൊറോണ വൈറസില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഈയവസരത്തില്‍ വൈറസ് പടര്‍ന്നത് സോണിയ ഗാന്ധിയുടെ വീട്ടില്‍നിന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.

എന്നാല്‍ എംപിയുടെ പ്രസ്താവന കോണ്‍ഗ്രസ് അംഗങ്ങളെ ശരിക്കും ചൊടിപ്പിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ സ്പീക്കറുടെ നേര്‍ക്ക് എറിയുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ പിരിയുകയും ചെയ്തിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയെ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് BJP എംപി രമേശ് ബിധുരിയാണ് ആവശ്യമുന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ചിരുന്നു. ഇതാണ് ആവശ്യത്തിന് അടിസ്ഥാനം.

‘രാഹുല്‍ ഗാന്ധി അടുത്തിടെ ഇറ്റലിയില്‍ പോയി മടങ്ങി വന്നിരുന്നു. അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധിച്ചോയെന്ന് തനിക്ക് അറിയില്ല. മാരകമായ വൈറസ് രാഹുലിന് ബാധിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വൈദ്യപരിശോധന നടത്തണ0’ രമേശ് ബിധുരി ആവശ്യപ്പെട്ടു. ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു രമേശ് ബിധുരിയുടെ പ്രസ്താവന.