രണ്ടാമതും പെണ്‍കുഞ്ഞ് ; വിഷം കൊടുത്ത് കൊലപ്പെടുത്തി മാതാപിതാക്കള്‍
പെണ്‍കുട്ടി ജനിക്കുന്നത് എന്തോ ശാപമാണ് എന്ന ചിന്താഗതിയിലാണ് ഇപ്പോഴും നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും. സ്ത്രീ ശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ പഠനത്തിനും ഉന്നമനത്തിനും ലോകം മുന്‍ഗണന നല്‍കുന്ന സമയം തന്നെയാണ് ജനിക്കുന്ന പെണ്ണിന് എരിക്കിന്‍ പാല്‍ നല്‍കി മാതാപിതാക്കള്‍ തന്നെ കൊലപ്പെടുത്തുന്നു എന്ന വാര്‍ത്തയും വരുന്നത്.
തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത് പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. രണ്ടാമത് ജനിച്ച കുഞ്ഞും പെണ്‍കുഞ്ഞായതിനാലാണ് മാതാപിതാക്കള്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.
ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിന് എരിക്കിന്‍ പാല്‍ കൊടുത്താണ് കൊലപ്പെടുത്തിയത്. വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. എന്നാല്‍, മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കുഞ്ഞിനെ കാണാതായ വിവരം അയല്‍വാസികളുടെ ശ്രദ്ധപ്പെട്ടു. എന്നാല്‍, കടുത്ത പനി വന്ന് കുഞ്ഞ് മരിച്ചെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ മറുപടി.
അതേസമയം, കുഞ്ഞ് മരണപ്പെട്ടിട്ട് ബന്ധുക്കളെയോ നാട്ടുകാരെയോ വിവരം അറിയിക്കാതെ രാത്രി തന്നെ കുട്ടിയുടെ സംസ്‌കാരം നടത്തിയത് നാട്ടുകാരില്‍ സംശയം ഉണര്‍ത്തി. തുടര്‍ന്ന് നാട്ടുകാരാണ് പിന്നീട് പോലീസില്‍ വിവരം അറിയിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ അച്ഛന്‍ വൈര്യമുത്തുവും അമ്മ സൗമ്യയും മുത്തച്ഛനും ചേര്‍ന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് വ്യക്തമായി.
വീട്ടുമുറ്റത്ത് കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എരിക്കിന്‍ വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു വിവാഹചെലവ് ഉള്‍പ്പടെ ഭയന്ന് മുത്തച്ഛന്റെ നിര്‍ദേശമനുസരിച്ചാണ് എരിക്കിന്‍ വിഷം നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ മൊഴി നല്‍കി. തുടര്‍ന്ന് കൊലപാതകത്തില്‍ പങ്കാളികളായ കുഞ്ഞിന്റെ മാതാപിതാക്കളേയും മുത്തച്ഛനേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.