കൊറോണ ഭീഷണി ; രോഗലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കരുത്

കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തില്‍ അസുഖ ലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് (Covid ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയ്ക്ക് പങ്കെടുക്കുന്നത്.

അതുകൊണ്ടുതന്നെ പനി, ചുമ, ശ്വാസതടസ്സം എന്നീ അസുഖമുള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ രോഗബാധ ഉള്ള രാജ്യങ്ങളില്‍ നിന്നും പൊങ്കാല ഇടാന്‍ വരുന്നവര്‍ വീട്ടില്‍ത്തന്നെ പൊങ്കാല ഇടാനുള്ള സൗകര്യമുണ്ടാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനിടയില്‍ പൊങ്കാല ഇടാന്‍വേണ്ടി എത്തിച്ചേര്‍ന്ന വിദേശികളെപ്പറ്റി ജില്ലാ കളക്ടര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണത്തിനായി അറിയിപ്പുകള്‍ നല്‍കുന്നതിനും നിര്‍ദ്ദേശമുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിശ്ചിത ഇടവേളകളില്‍ അറിയിപ്പുകള്‍ നല്‍കുമെന്നും ക്യൂ നിയന്ത്രിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ബാരിക്കെഡുകളില്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനികള്‍ പ്രയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.

കൂടാതെ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കി ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ വന്നാല്‍ ഇവരുമായി ഇടപഴകിയവരെ കണ്ടെത്താനാണ് ഇതെന്നാണ് സൂചന.