എണ്ണവില കൂപ്പുകുത്തി ; ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവ് ; കൊറോണയും കാരണം
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 30% ഇടിഞ്ഞു. ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ‘വില യുദ്ധ’ത്തെ തുടര്‍ന്ന് ആണ് എണ്ണ വില ഇത്രയും കുറഞ്ഞത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ ആവശ്യകത കുറഞ്ഞതാണ് സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തിന് തുടക്കമിട്ടത്.
യു എസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 11.28 ഡോളറിലാണ് വ്യാപാരം. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം(14.25 ഡോളര്‍) ഇടിഞ്ഞ് ബാരലിന് 31.02 ഡോളറിലെത്തി. മൂന്ന് ദശകത്തിലെ താഴ്ന്ന നിലയിലാണ് വ്യാപാരം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദക രാജ്യമായ റഷ്യയുമായി കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്. കൊറോണ കാരണം എണ്ണയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞിരുന്നു.
ഇതു കാരണം ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് നിര്‍ദേശം നല്‍കി. എന്നാല്‍ റഷ്യ ഇത് പരിഗണിക്കാതെ ഉത്പാദനം തുടര്‍ന്നതിനാലാണ് അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിലും എണ്ണ വില കുറയാന്‍ കാരണമായി. രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയോളമാണ് പെട്രോള്‍ വിലയില്‍ ഇടിവുണ്ടായത്. ഇതിന് മുന്‍പ് 1991 ജനുവരി 17നാണ് ഇത്തരത്തിലുള്ള ഇടിവ് കാണിച്ചത്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വില കുറഞ്ഞത്. 35.75 ഡോളര്‍ നിലവാരത്തിലാണ് അന്ന് വ്യാപാരം ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില പിടിച്ചുനിര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന ഒപെക് (OPEC) രാജ്യങ്ങളുടെ അഭ്യര്‍ഥന റഷ്യ നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് തുടര്‍ന്നാണ് റഷ്യയെ ഒരു പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി വില കുത്തനെ കുറച്ചത്.
കൊറോണ വൈറസ് ലോകവ്യാപകമായപ്പോള്‍ എണ്ണയ്ക്ക് ആവശ്യം താരതമ്യേന കുറഞ്ഞു. ഈ സാഹചര്യത്തില്‍ വില കുത്തനെ ഇടിയാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നായിരുന്നു സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് (OPEC) രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ റഷ്യ ഒപെക് (OPEC) രാജ്യങ്ങളുടെ ആവശ്യം നിരസിച്ചു. പതിവ് ഉല്‍പ്പാദനം തുടരുകയും ചെയ്തു. ഇങ്ങനെ തുടര്‍ന്നാല്‍ എണ്ണ മേഖല ഒപെക് (OPEC) രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോകുകയും റഷ്യയ്ക്ക് മേല്‍ക്കൈ വരികയും ചെയ്യുമെന്ന സാഹചര്യം സംജാതമായി. ഈ സാഹചര്യത്തിലാണ് സൗദി അടവ് മാറ്റിയത്. സൗദി എണ്ണവില കുത്തനെ കുറയ്ക്കുകയായിരുന്നു.