ഒടുവില്‍ ദാഹജലവുമായി വാഹനമെത്തി; പ്രദേശവാസികള്‍ മധുരം വിതരണം ചെയ്തു
കഴിഞ്ഞ ദിവസം ഇവിടെ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ കിയോസ്‌ക് സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വര്‍ഷങ്ങള്‍ കഴിയുന്നു. ഈ പ്രദേശത്തുള്ളവര്‍ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്. എന്നാല്‍ ഇപ്പോള്‍ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂര്‍ണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഉപയോഗിച്ചിരുന്നത് തോടുകളിലെ വെള്ളം ആയിരുന്നു.അതും ഇപ്പോള്‍ ഇല്ലാതെ ആയിരിക്കുകയാണ്.ഈ വര്‍ഷം വളരെ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
സമാന്തര കുടിവെള്ള വിതരണം ആരംഭിക്കുമ്പോള്‍ വെള്ളം ശേഖരിച്ചു വെയ്ക്കാന്‍ സാധിക്കാഞ്ഞ സാഹചര്യത്തില്‍ ആണ് രണ്ടായിരം ലീറ്ററിന്റെ കിയോസ്‌ക് സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്.
വാലയില്‍ ബെറാഖാ ഭവനില്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നല്കിയ സ്ഥലത്താണ് കിയോസ്‌ക് സ്ഥാപിച്ചത്. റോഡില്‍ നിന്നും കിയോസ്‌കിലെ വെള്ളം ശേഖരിക്കുന്നതിന് മതില്‍ പൊട്ടിച്ച് ടാപ്പും ഘടിപ്പിച്ചിട്ടുണ്ട്.പഞ്ചായത്തില്‍ നിന്നും വെള്ളം എത്തിച്ചു നല്കുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങള്‍.എന്നാല്‍ നിരവധി കടമ്പകള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. കുടിവെള്ളമെത്താന്‍ വൈകുമെന്ന നിരാശയില്‍ കഴിയുമ്പോള്‍ ആണ് മുന്‍ എം.എല്‍.എ ഓഫീസിന്റെ ഇടപെടല്‍.
മാധ്യമ വാര്‍ത്തകള്‍ വായിച്ചറിഞ്ഞ് അന്തരിച്ച മുന്‍ എം.എല്‍.എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് തോമസ് എത്തി ആണ് കുടിവെള്ളം വിതരണ സഹായം വാഗ്ദാനം ചെയ്തത്. തൊട്ടുപിറകെ തനെ കുടിവെള്ളം നിറച്ച വാഹനവുമെത്തി.
വെള്ളപൊക്ക സമയങ്ങളിലും കുടിവെള്ളം ഇവിടെ കിട്ടാകനിയാണ്. മലിനമായ ജലം ഉറവയായി ഇറങ്ങുന്നത് മൂലം കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം ആണ്.അത് നേരിടുന്നതിന് കിയോസ്‌ക് ഏകദേശം മൂന്ന് അടി ഉയരത്തിലാണ് ഇഷ്ടിക കൊണ്ട് തറ കെട്ടി സ്ഥാപിച്ചിരിക്കുന്നത്.
വാലയില്‍ ബെറാഖാ ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു .തോമസ് തോമസ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.തോമസ്‌കുട്ടി പാലപറമ്പില്‍, ബാബു വാഴകൂട്ടത്തില്‍, വിന്‍സണ്‍ പൊയ്യാലുമാലില്‍, സുരേഷ്പരുത്തിക്കല്‍, ജോര്‍ജ് തോമസ് കടിയന്ത്ര, തമ്പി വാലയില്‍, കുഞ്ഞുമോന്‍ പരുത്തിക്കല്‍, ദാനിയേല്‍ തോമസ്, ജോസ് കുറ്റിയില്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം ആരംഭിക്കുവാന്‍ ഇനിയും പത്ത് ദിവസം കൂടി വേണ്ടി വരുമെന്ന് പഞ്ചായത്ത് അംഗം പി.കെ. വര്‍ഗ്ഗീസ് പറഞ്ഞു.
തലവടി തെക്കെക്കരയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇട്ടിട്ടുള്ളതാണ്.