വിലകൂട്ടി ; ലോട്ടറിക്കു ആവശ്യക്കാര്‍ കുറഞ്ഞു

വില വര്‍ദ്ധിപ്പിച്ചതോടെ ലോട്ടറി ടിക്കറ്റ് വില്പന കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബംപര്‍ ഒഴികെയുള്ള എല്ലാ ലോട്ടറി ടിക്കറ്റുകള്‍ക്കും മാര്‍ച്ച് 1 മുതല്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ ലോട്ടറിക്ക് ആവശ്യക്കാര്‍ കുറയുകയായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ലോട്ടറി ടിക്കറ്റ് വില 40 രൂപ ആക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ഏജന്‍സികള്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വില വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ടിക്കറ്റ് വില്‍പനയില്‍ 50% വരെ കുറവുണ്ടായതായാണ് പ്രമുഖ ലോട്ടറി ഏജന്‍സികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കൊണ്ടുനടന്ന് ടിക്കറ്റ് വില്‍ക്കുന്നവര്‍ മുന്‍പ് 150 ടിക്കറ്റുകള്‍ വരെയാണ് ഏജന്‍സികളില്‍ നിന്ന് ഓരോ ദിവസവും വാങ്ങിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും വിറ്റുപോയിരുന്നു. എന്നാല്‍, ടിക്കറ്റിന് വില വര്‍ദ്ധിച്ചതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. ഇപ്പോള്‍ പരമാവധി 50-75 ടിക്കറ്റുകളെ കച്ചവടക്കാര്‍ വാങ്ങുന്നുള്ളൂ. ഇതില്‍ തന്നെ ഏറിയ ശതമാനവും വില്‍ക്കാതെ ബാക്കി വരികയാണ്. ഇങ്ങനെ ബാക്കി വരുന്ന ടിക്കറ്റുകള്‍ ഏജന്‍സികള്‍ തിരിച്ചെടുക്കില്ലെന്നതിനാല്‍ ഈ നഷ്ടം വില്‍പനക്കാര്‍ തന്നെ സഹിക്കേണ്ടിയും വരുന്നു.

ലോട്ടറി നികുതി 12% നിന്ന് 28% വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായാണ് പുതിയ വിലയും സമ്മാന ഘടനയും നടപ്പാക്കിയത്. ‘കാരുണ്യ’യുടെ ലോട്ടറിയുടെ വില 50 രൂപയില്‍ നിന്നു 40 രൂപയായി കുറഞ്ഞപ്പോള്‍ മറ്റ് 6 ടിക്കറ്റുകളുടെയും വില 30 രൂപയില്‍ നിന്ന് 40 രൂപയായി.

അതേസമയം, സ്ഥിതി മാറുമെന്നാണ് ലോട്ടറി അധികൃതരുടെ വാദം. ആദ്യ ഘട്ടത്തില്‍ ചെറിയ മാന്ദ്യമുണ്ടായാലും അധികം വൈകാതെതന്നെ വില്‍പന ഉഷാറാകുമെന്നും മുന്‍പ് ടിക്കറ്റ് വില 20 രൂപയില്‍ നിന്ന് 30 ആക്കിയപ്പോഴും ഇതേ സ്ഥിതിതന്നെയായിരുന്നുവെന്നും ഇവര്‍ പറയുന്നു.