വാട്‌സ്ആപ്പ് പോസ്റ്റുകള്‍ വിശ്വസിച്ചു ; കൊറോണ മാറാന്‍ അമിതമായി മദ്യപിച്ച 27 പേര്‍ മരിച്ചു

കൊറോണ വൈറസ് മാറുന്നതിനു എളുപ്പമാര്‍ഗ്ഗം എന്ന പേരില്‍ ധാരാളം വ്യാജ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. പലരും അവ സത്യമാണ് എന്ന രീതിയില്‍ പരീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ജീവന്‍ വെച്ചുള്ള ഇത്തരം പരീക്ഷണങ്ങള്‍ ആപത്താണ് എന്ന് തെളിയിക്കുകയാണ് ഇറാനില്‍ നടന്ന സംഭവം.

കൊറോണ ഭേദമാകുന്നതിന് വേണ്ടി മെഥനോള്‍ കലര്‍ന്ന മദ്യം അമിതമായി കഴിച്ച് ഇറാനില്‍ 27 പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചാല്‍ കൊറോണ രോഗം മാറുമെന്ന വ്യാജസന്ദേശത്തെ തുടര്‍ന്നാണ് അമിതമായ അളവില്‍ വ്യാജമദ്യം കഴിച്ചത്. 27 പേര്‍ മരിച്ചതില്‍ 20 പേര്‍ ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്ഥാനില്‍നിന്നുള്ളവരാണ്. ഏഴുപേര്‍ വടക്കന്‍ പ്രവിശ്യയാ അല്‍ബോര്‍സില്‍നിന്നുള്ളവരാണ്. മരിച്ചവരില്‍ 16 പേര്‍ കൊറോണ സ്ഥിരീകരിച്ചവരും ബാക്കിയുള്ളവര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുമാണ്.

മദ്യപാനത്തിന് നിരോധനമുള്ള രാജ്യമാണ് ഇറാന്‍. ചില മുസ്ലിം ഇതര മതസ്ഥര്‍ ഒഴികെ മറ്റാര്‍ക്കും മദ്യം വാങ്ങാനോ വില്‍ക്കാനോ കുടിക്കാനോ ഇവിടെ അവകാശമില്ല. അങ്ങനെയിരിക്കെയാണ് മദ്യം കൊറോണ ഭേദമാക്കുമെന്ന വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ച് നിരവധിപ്പേര്‍ മെഥനോള്‍ കലര്‍ന്ന മദ്യം വാങ്ങിക്കുടിച്ചത്.

ഖുസെസ്ഥാനിലെ ആശുപത്രിയില്‍ 218 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ജുണ്ടിഷാപുര്‍ മെഡിക്കല്‍ സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജസന്ദേശങ്ങളുടെ ഉറവിടവും വ്യാജമദ്യം നിര്‍മ്മിച്ച് വിറ്റതിനെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശങ്ങളെ തുടര്‍ന്നാണ് ആളുകള്‍ വ്യാജമദ്യം വാങ്ങിക്കുടിച്ചത്.
ഇറാനില്‍ ഇതുവരെ 7161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ മരിച്ചു. ഇപ്പോള്‍ വ്യാജമദ്യദുരന്തമുണ്ടാ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ 69 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 16 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.