സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിടുമെന്നത് വ്യാജപ്രചാരണം

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിടുമെന്നത് വ്യാജപ്രചാരണമാണെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിടുമെന്നായിരുന്നു സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം. നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ചില ബിവറേജസ് ഔട്ട്ലെറ്റുകള്‍ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. അതല്ലാതെ വ്യാപകമായി അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എം ഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

കൊറോണ പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. ആഘോഷങ്ങളും ഉത്സവങ്ങളും ഒഴിവാക്കണമെന്നും കല്യാണ ചടങ്ങുകള്‍ ലളിതമായി നടത്തണമെന്നും നിര്‍ദേശമുണ്ട്. ഇതിനു പിന്നാലെയാണ് ഔട്ട്ലെറ്റുകളും അടച്ചിടുമെന്ന വ്യാജപ്രചാരണം വന്നത്.