കൊറോണ ; ഇറ്റലിയില്‍ മരണനിരക്ക് കൂടുവാനുള്ള കാരണം
കൊറോണ ബാധ കാരണം ഇറ്റലിയില്‍ മരണനിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയേക്കാള്‍ കൂടുതല്‍ ആണ് ഇറ്റലിയില്‍. മൂന്നാഴ്ചയ്ക്ക് മുമ്പ് വെറും മൂന്നു കേസുകളാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അതിനുശേഷം സ്ഥിതിഗതികള്‍ കൈവിട്ടുപോകുകയായിരുന്നു. രോഗം ആദ്യമായി കണ്ടു തുടങ്ങിയ ചൈനയിലേക്കാള്‍ കഴിഞ്ഞ മൂന്നാഴ്ചയായി കൂടുതല്‍ പേരില്‍ കൊറോണ ബാധിക്കുന്നതും മരണനിരക്ക് കൂടുതലായി കണ്ടുവരുന്നതും ഇറ്റലിയിലാണ്.
ആരോഗ്യവിദഗ്ദ്ധരെ ശരിക്കും ആശങ്കയിലാക്കുന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. ഇപ്പോള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ് അവിടെ രോഗം പിടിപെട്ടവരുടെയും മരിച്ചവരുടെയും എണ്ണമെന്നും സൂചനയുണ്ട്. അതുപോലെ ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കുന്നതിനുള്ള അസൌകര്യം ഇറ്റലിയിലെ മരണസംഖ്യ ഇനിയും ഉയരാന്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിങ്കളാഴ്ച വരെ ഇറ്റലിയില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9,172 ആണ്. അതില്‍ 463 അഥവാ 5% പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായ ലോംബാര്‍ഡിയില്‍ മരണ നിരക്ക് 6% ആണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 113000 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചു. ഇതില്‍ 3.5% പേര്‍ മരിച്ചു.
മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇറ്റലിയില്‍ മരണനിരക്ക് കൂടാന്‍ കാരണം അവിടെ പ്രായമുള്ളവരുടെ എണ്ണം കൂടുതലായതിനാലാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവരില്‍ വൈറസ് ബാധ കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നു. ഇറ്റലിയില്‍ രോഗം പിടിപെട്ടവരില്‍ കൂടുതലും 50-60 വയസ് പിന്നിട്ടവരാണെന്നും റിപ്പോര്‍ട്ടുണ്ട്.
ജപ്പാന്‍ കഴിഞ്ഞാല്‍ ലോകത്ത് പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇറ്റലി. ഇതുവരെ ഇവിടെ കോവിഡ് 19 ബാധിച്ച് മരിച്ചവരില്‍ 58% പേരും 80 വയസിനു മുകളിലുള്ളവരാണ്, കൂടാതെ 31% പേര്‍ 70 വയസിനു മുകളിലുള്ളവരാണെന്നും ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നു.
”പ്രായമേറിയവര്‍ കൂടുതലുള്ളതിനാലാണ് മരണനിരക്ക് ഇറ്റലിയില്‍ കൂടുന്നത്. മരിച്ചവരുടെ പ്രായം കണക്കിലെടുത്താല്‍ ഞങ്ങളുടെ മരണനിരക്ക് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ സമാനമോ കുറവോ ആണ്,” ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ചീഫ് എപ്പിഡെമിയോളജിസ്റ്റുകളായ ജിയോവന്നി റെസ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം മറ്റൊരു വികസിത രാജ്യമായ ദക്ഷിണ കൊറിയയില്‍ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ചെങ്കിലും ഇവിടെ മരണനിരക്ക് വളരെ കുറവാണ്. കൊറിയയില്‍ മരണനിരക്ക് വെറും 0.7% ആണ്. ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗം പേരും പ്രായമുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരുമാണ്. കൊറിയയുടെ 7,000-ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ അസുഖം പിടിപെട്ട അഞ്ചില്‍ നാല് പേരും ചെറുപ്പക്കാരാണ്.
ഇറ്റലിയില്‍ ഇതുവരെ രോഗലക്ഷണങ്ങളുള്ള 54,000 ത്തോളം ആളുകളെ നിരീക്ഷണത്തിലാക്കി. ഇതില്‍ വ്യക്തമായ ലക്ഷണങ്ങളുള്ളവരും ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ഉള്ളവരെയുമാണ് ക്വാറന്റൈനിലാക്കിയത്. അതേസമയം വലിയൊരു വിഭാഗത്തെ ക്വാറന്റൈനിലാക്കാന്‍ അവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ലെന്ന പോരായ്മയും മരണനിരക്ക് കൂടാന്‍ കാരണമായി.
എന്നാല്‍ ഇതിനു വിപരീതമായി, ദക്ഷിണ കൊറിയയില്‍ രോഗം കണ്ടുതുടങ്ങിയ ഉടന്‍ തന്നെ വിപുലമായ പരിശോധനകളും നിരീക്ഷണങ്ങളും വ്യാപകമാക്കിയിരുന്നു. സംശയം തോന്നിയവരെയെല്ലാം ഐസൊലേഷനിലാക്കി. ദിവസം 10,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കില്‍ ക്വാറന്റൈനിലാക്കാനുള്ള സജ്ജീകരണങ്ങള്‍ കൊറിയ ഒരുക്കിയിരുന്നു. ഇതിനായി ഡ്രൈവ് ത്രൂ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും മറ്റ് മെഡിക്കല്‍ സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുമുള്ള സൌകര്യങ്ങള്‍ കൊറിയന്‍ സര്‍ക്കാര്‍ ഒരുക്കി.
ഇറ്റലിയിലെ ലോംബാര്‍ഡിയില്‍, ഗുരുതരമായ രോഗികള്‍ക്ക് പുതിയ കിടക്കകള്‍ ഒരുക്കുന്നതില്‍ ആരോഗ്യ വിഭാഗം പ്രതിസന്ധി നേരിടുന്നുണ്ട്. അനിവാര്യമായ ശസ്ത്രക്രിയ മാറ്റിവയ്ക്കുകയും താല്‍ക്കാലിക തീവ്രപരിചരണ വാര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്. മേഖലയിലെ 150 ആശുപത്രികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
എന്നാല്‍ കിടക്കകളുടെ എണ്ണത്തേക്കാള്‍ വേഗത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍, രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ദിവസവും 25 ശതമാനം വരെ ആളുകള്‍ അധികമായി ചികിത്സ തേടിയെത്തുന്നു. തീവ്രപരിചരണം ആവശ്യമുള്ള എല്ലാവര്‍ക്കും ചികിത്സ നല്‍കാന്‍ ആശുപത്രികളില്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ലോംബാര്‍ഡിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ 60 ശതമാനവും 65 വയസിനു മുകളിലുള്ളവരാണ്.
”ഇത് വളരെ ശ്രമകരമായ ഒരു ദൌത്യമാണ്. ആരോഗ്യ സംരക്ഷണ സംവിധാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. എന്നാല്‍ അണുബാധിതരുടെ എണ്ണം കുറയുകയാണെങ്കില്‍ മാത്രമെ ഇനിയും മുന്നോട്ടുപോകാനാകു.”ലോംബാര്‍ഡിയിലെ ബെര്‍ഗാമോയിലെ തീവ്രപരിചരണ ഡോക്ടര്‍ ഇവാനോ റിവ പറഞ്ഞു.
”ആളുകളെ പരസ്പരം അകറ്റിനിര്‍ത്തുന്നതും വീട്ടില്‍ ഒറ്റയ്ക്ക് താമസിപ്പിക്കുന്നതും മെഡിക്കല്‍ ഇടപെടല്‍ പോലെ നിര്‍ണായകമാണ്. ആശുപത്രികളിലെ സൌകര്യമില്ലായ്മ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകും. ജനങ്ങള്‍ ഇത് മനസിലാക്കി സ്വയം നിയന്ത്രണങ്ങള്‍ കൈക്കൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”ഡോ. റിവ പറഞ്ഞു
ഫെബ്രുവരി 20 ന് മിലാന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കൊറോണ വൈറസ് പടരാന്‍ തുടങ്ങിയത്. അതിനുശേഷമാണ് ലോംബാര്‍ഡി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ അതിവേഗം കൊറോണ പടര്‍ന്നുപിടിച്ചത്. ഇപ്പോള്‍ കേരളത്തില്‍ വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമയാവരും ഇറ്റലിയില്‍ നിന്നും നാട്ടില്‍ എത്തിയവരായിരുന്നു.