കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

ലോകത്തിനെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് കൊറോണയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്ന സാഹചര്യത്തിലാണ് നടപടി. അതന്ത്യം ആശങ്കാജനകമായ സാഹചര്യമാണിതെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

1,21,517 പേര്‍ക്കാണ് ഇതുവരെ ലോകത്താകമാനം കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,383 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വൈറസ് ബാധിച്ച 66,941 പേരാണ് രോഗവിമുക്തരായിട്ടുള്ളത്.

വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പ്രഖ്യാപനത്തിന് പ്രധാന കാരണം. നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടരുന്നത്. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.