കൊറോണ ; കര്‍ണാടകയില്‍ കടുത്ത നിയന്ത്രണം
കൊറോണ ബാധ കാരണം രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകയില്‍ ആണ് . ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും മാളുകളും നൈറ്റ് ക്ലബ്ബുകളും റെസ്റ്റോറന്റുകളും പബ്ബുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ആളുകള്‍ കൂടുന്ന ഇടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ചടങ്ങുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ബംഗളുരുവിലെ ഐടി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും ആരോഗ്യ വകുപ്പ് ജീവനക്കാരുടേയും അവധി റദ്ദാക്കി. അതുപോലെ വേനല്‍ക്കാല ക്യാമ്പുകള്‍ക്കും അനുമതി നിഷേധിച്ചു.
ഇന്ത്യയില്‍ കൊവിഡ് 19 മരണം ഇന്നലെയാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (76)യാണ് മരിച്ചത്. സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് സിദ്ദിഖി ഫെബ്രുവരി 29നാണ് നാട്ടിലെത്തിയത്. ശ്വാസതടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.