കൊറോണ ; ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നു

കൊറോണയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. ഓഹരി വിപണിയില്‍ ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തകര്‍ച്ചയാണ് നേരിടുന്നത്. സെന്‍സെക്സ് 3090 പോയന്റ് നഷ്ടത്തില്‍ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമെത്തി. കനത്ത ഇടിവിനെതുടര്‍ന്ന് 45 മിനിറ്റ് നേരം വ്യാപാരം നിര്‍ത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 നിലവാരത്തിലേയ്ക്ക് താഴ്ന്നു.

ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികള്‍ നഷ്ടത്തിലാണ്. ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കുന്നത് 12 വര്‍ഷത്തിനിടെ ഇതാദ്യം. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഗെയില്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാലുദിവസം കൊണ്ട് 30 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്. അമേരിക്കന്‍ -യൂറോപ്യന്‍ വിപണിയുടെ തകര്‍ച്ചയ്ക്കു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി വിപണികളും കൂപ്പുകുത്തിയത്. ഒരാഴ്ചയ്ക്കിടെ മാത്രം 8000 പോയിന്റാണ് നഷ്ടമായത്.