കൊറോണ ; ബംഗളൂര്‍ ഇന്‍ഫോസിസ് പൂട്ടി

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവിലെ ഇന്‍ഫോസിസ് അടച്ചുപൂട്ടി. കമ്പനിയിലെ ഒരാള്‍ക്ക് കൊറോണ സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെട്ടിടം ഒഴിപ്പിച്ചുവെന്നും കമ്പനിയുടെ പരിസരം അണുവിമുക്തമാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചതോടെ രോഗം തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ കര്‍ശനമാക്കിയിരുന്നു. എല്ലാ ഐടി സ്ഥാപനങ്ങളോടും ബയോടെക്ക് സ്ഥാപനങ്ങളോടും ഉദ്യോഗസ്ഥര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ആയി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഇന്നലെ ഡല്‍ഹി സ്വദേശിയായ 69 കാരി കൂടി മരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 82 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും വൈറസ് ബാധ ഏറ്റവരുടെ എണ്ണം കൂടി വരികയാണ്.