എണ്ണവില കൂപ്പുകുത്തിയിട്ടും പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍

ലോകവിപണിയില്‍ എണ്ണവില ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ കുറഞ്ഞിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവും വന്നിരുന്നില്ല. അതിന്റെ ഇടയ്ക്ക് ആണ് ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ തീരുവ ലീറ്ററിന് മൂന്നു രൂപ വീതം കേന്ദ്രസര്‍ക്കാര്‍ കൂട്ടിയത്.

അതുപോലെ റോഡ് നികുതി ഒന്‍പതു രൂപയില്‍ നിന്നു പത്തു രൂപയായും അഡീഷനല്‍ എക്‌സൈസ് തീരുവ പെട്രോളിന് എട്ടില്‍ നിന്ന് 10 രൂപയായും ഡീസലിനു രണ്ടു രൂപയില്‍ നിന്ന് നാലു രൂപയായും കൂട്ടി. ഇതോടെ ലിറ്ററിന് മൂന്നു രൂപ വീതം നികുതി വര്‍ധിക്കും. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിനുള്ള കേന്ദ്ര നികുതി 22 രൂപ 98 പൈസയായി.

ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പകുതിയിലേറെ കേന്ദ്രസംസ്ഥാന നികുതിയായി മാറി. വെള്ളിയാഴ്ച അര്‍ധ രാത്രിമുതല്‍ തീരുവ പ്രാബല്യത്തില്‍ വന്നു. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തീരുവ ഉയര്‍ത്തിയത്. സംസ്ഥാന നികുതി 16.22 രൂപയാണ്.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തീരുവ ഉയര്‍ത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയിലും സെസ്സിലും ഒരു രൂപ വര്‍ധന വരുത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 1991ലെ ഗള്‍ഫ് യുദ്ധകാലത്തേതിനെക്കാള്‍ താഴ്ന്ന നിലയിലാണ്.