കൊറോണ ബാധയുള്ള ബ്രിട്ടീഷ് പൗരന്‍ കൊച്ചിയിലെത്തിയ സംഭവം ; ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍

കൊറോണ ബാധിതനായ ബ്രിട്ടീഷ് പൌരന്‍ മൂന്നാറില്‍ നിരീക്ഷണത്തിലിരിക്കെ കൊച്ചിയിലെത്തിയതില്‍ സര്‍ക്കാറില്‍ ആശയക്കുഴപ്പം. മൂന്നാറിലെ കെ.ടി.ഡി.സി ഹോട്ടല്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടീഷ് പൌരനെ കാണാതായത് രോഗം സ്ഥിരീകരിച്ച ശേഷമെന്ന് ആരോഗ്യ മന്ത്രിയും പ്രതികരിച്ചു.

എന്നാല്‍ ഇയാളെ വിട്ടയച്ചത് രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണെന്നായിരുന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളിലെ പരിശോധനാ വീഴ്ചയാണ് കോവിഡ് പടരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

അതേസമയം കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെയുള്ള വിദേശ വിനോദ സഞ്ചാരികള്‍താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. ഇതിനിടെ മൂന്നാറില്‍ ഈ മാസം 31 വരെ വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൂന്നാറിലെ ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശികളുടെ ബുക്കിങ് നിര്‍ത്തിവെപ്പിച്ചു. വിദേശികളുടെ യാത്രകള്‍ക്കും നിയന്ത്രണേമേര്‍പ്പെടുത്തി. ഹോം സ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കും. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി.