കൊറോണ ; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തം

നാട് മുഴുവന്‍ കൊറോണയുടെ ഭീതിയില്‍ തുടരുമ്പോള്‍ സര്‍ക്കാര്‍ അതിനു വേണ്ട പ്രതിരോധ നടപടികള്‍ എടുക്കുന്നുണ്ട് ഇപ്പോള്‍. എന്നാല്‍ സ്‌കൂള്‍ കോളേജുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പരീക്ഷ മാറ്റിവെക്കാത്തതിനാല്‍ കോളജ് ഹോസ്റ്റലുകളില്‍ തുടരേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. പരീക്ഷ മാറ്റിവെക്കണമെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും അധികൃതരും തിരിഞ്ഞു നോകുന്നില്ല എന്ന പരാതിയും ശക്തമാണ്.

സംസ്ഥാനത്തെ കോളജുകളില്‍ പഠിക്കുന്നവരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളിലാണ് താമസിക്കുന്നത്. കോളജില്‍ ക്ലാസുകള്‍ മാറ്റിവെച്ചെങ്കിലും പരീക്ഷ മാറ്റമില്ലാത്തതിനാല്‍ ഹോസ്റ്റലുകളില്‍ തുടരേണ്ട അവസ്ഥയിലാണ് വിവിധ സെമസ്റ്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. കോവിഡ് പടരുന്ന പശ്ചാത്തലം എല്ലാവരിലും ആശങ്കയുയര്‍ത്തുന്നതായി തിരുവനന്തപുരം യൂനിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ പറയുന്നു.

തിരുവനന്തപുരത്തേതടക്കം ലോ കോളജിലെ വിദ്യാര്‍ഥികളും സമാന ആവശ്യം മുന്നോട്ടു വെക്കുന്നുണ്ട്. കോളജുകളിലെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രട്ടേണിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.