കൊറോണ പ്രതിരോധം: രാജ്യത്തെ ആദ്യ മരണത്തിനു ശേഷം ഓസ്ട്രിയ അതീവ ജാഗ്രതയില്‍
വിയന്ന: ചൈനയ്ക്കു ശേഷം കോവിഡ് 19 വൈറസ് അതിവേഗം പടര്‍ന്നു പിടിച്ചിരിക്കുന്ന യൂറോപ്പില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അതിനിടയില്‍ ഓസ്ട്രിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ മരണത്തിനു ശേഷം, രാജ്യം കനത്ത പ്രതിരോധ സംവിധാനത്തിലേയ്ക്ക് നീങ്ങി. ഇതിനോടകം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണവും വളരെ കൂടുമെന്നാണ് വിവരം.
വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമല്ലാത്തെ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോയെയാണ് തിങ്കള്‍ മുതല്‍ ഓസ്ട്രിയയിലെ പൊതുജീവിതം ആരംഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ അടച്ചു. ഓണ്‍ലൈന്‍ ആയി ജോലിചെയ്യാന്‍ സാധിക്കുന്ന എല്ലാവരോടും വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ ഷോപ്പുകള്‍ മാത്രമായിരിക്കും തുറക്കുക. മൃതസംസ്‌കാരം തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ ചടങ്ങുകളും പോലീസ് നിയതന്ത്രണത്തില്‍ ആകും.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ എല്ലാം അടച്ചു ജാഗ്രത ശക്തമാക്കി. രാജ്യാന്തര യാത്ര സര്‍വീസുകള്‍ ഏകദേശം നിറുത്തിയതായാണ് പുറത്തുവരുന്നത്. വിമാനത്താവളങ്ങള്‍ പൂട്ടി. രോഗബാധിതര്‍ കൂടുതല്‍ ഉള്ള തിരോള്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും ക്വോറന്റ്റീന്‍ ചെയ്തു കഴിഞ്ഞു. ഓസ്ട്രിയക്കാരായുള്ള ആളുകള്‍ രാജ്യത്തിനു പുറത്ത് പോയിട്ടുണ്ടെങ്കില്‍ കൃത്യമായ വിവരം നല്‍കാന്‍ നിര്‍ദ്ദേശവുമുണ്ട്. ഇതിനിടയില്‍ രോഗികളുടെ എണ്ണവും കൂടിയാല്‍ രാജ്യത്തെ ആരോഗ്യ സംരക്ഷണ ശേഷി കവിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം ഓസ്ട്രിയ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നിലവിലെ സംഭവവികാസങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട ദേശീയ അന്തര്‍ദേശീയ സംവിധാനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. കൊറോണ പ്രതിസന്ധിയെ നേരിടാന്‍ ദേശീയ കൗണ്‍സിലില്‍ പാസാക്കിയ പുതിയ നിയമനിര്‍മ്മാണ പാക്കേജിന് ഫെഡറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന്റെ വെളിച്ചത്തിലാണ് പുതിയ നടപടികള്‍. ആരോഗ്യരംഗം പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ നാല് ബില്യണ്‍ യൂറോ രാജ്യം നീക്കിവയ്ക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഈ ദിവസങ്ങളില്‍ പുറത്തുവരും.
ഹോട്ട്ലൈന്‍:
അണുബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ മാത്രം: 1450 (24 മണിക്കൂര്‍)
കൊറോണ വൈറസ് വിവര ഹോട്ട്ലൈന്‍: 0800 555 621 (24 മണിക്കൂര്‍)