രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം ഒരുക്കാന്‍ നീക്കം ; അനുവദിക്കില്ല എന്ന് കടകംപള്ളി
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് എന്ന പരിപാടിയില്‍ നിന്നും പുറത്തായ ഡോ. രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തെ ശക്തമായി വിമര്‍ശിച്ച് ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതുപോലെ ഡോ. രജിത് കുമാറിന്റെ ഫാന്‍സ് അസോസിയേഷന്‍ ഇന്ന് ആറ്റിങ്ങലില്‍ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഒരുകാരണവശാലും അത്തരം ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ, നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി കൊറോണ വൈറസ് ബാധയ്ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനമെന്ന് മന്ത്രി. ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
അതേസമയം, റിയാലിറ്റി ഷോ താരത്തെ വരവേല്‍ക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എണ്‍പതോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം :
സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി വി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.
ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു.
കടകംപള്ളി സുരേന്ദ്രന്‍
സഹകരണം ടൂറിസം ദേവസ്വം മന്ത്രി