എയര്‍ പോര്‍ട്ടിലെ സ്വീകരണം ; രജിത് കുമാര്‍ ഒളിവില്‍
ചാനല്‍ പരിപാടിയില്‍ നിന്നും പുറത്തായ ഡോ രജിത് കുമാര്‍ ഒളിവില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മീഡിയകള്‍ ആണ് ആരാധകരുടെ പ്രിയപ്പെട്ട രജിത് സര്‍ ഒളിവിലാണ് എന്ന വാര്‍ത്ത നല്‍കിയത്. രജിത് കുമാറിന് സ്വീകരണം നല്‍കിയ കേസില്‍ രണ്ട് പേര്‍ പിടിയിലായതിന് പിന്നാലെയാണ് അദ്ദേഹം ഒളിവില്‍ പോയി എന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം മറികടന്ന് സ്വീകരണം ഒരുക്കിയ ചേലാമറ്റം സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിതിന് കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെ വിമാനത്താവളത്തില്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.സംഭവത്തില്‍ കേസ് എടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നലെ വ്യക്തമാക്കിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
ഒരു ടിവി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയത് അതിരുവിട്ട പ്രകടനമാണെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിരുന്നു.