കൊറോണ ക്രൈസിസ്: സൈബര്‍ സുരക്ഷയ്ക്ക് മുന്‍ കരുതല്‍ എടുക്കണമെന്ന് ഓസ്ട്രിയന്‍ സര്‍ക്കാര്‍
വിയന്ന: ഓസ്ട്രിയയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനം പ്രതികൂടുകയാണ്. ഇതിനോടകം നാല് മരണങ്ങള്‍ ഉണ്ടായതായി അനൗദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. ഇതുവരെ 10,278 ടെസ്റ്റുകള്‍ രാജ്യത്ത് നടത്തി. ഇതില്‍ 1,132 ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. അതേസമയം എട്ടു പേര്‍ രോഗ വിമുക്തമായതായും സ്ഥിരീകരണമുണ്ട്.
രാജ്യത്തെ ഒട്ടുമിക്ക ജോലികളും ഇതിനോടകം ഓണ്‍ലൈന്‍/ഡിജിറ്റല്‍ ആയിക്കഴിഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യം പല ആളുകളെയും അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നുവെന്നും കുറ്റവാളികള്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ മുതലെടുത്ത് ജനങ്ങളെ കെണിയിപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ സൈബര്‍ സുരക്ഷയ്ക്ക് മുന്‍ കരുതല്‍ എടുക്കണമെന്ന് സര്‍ക്കാറിന്റെ സൈബര്‍ സുരക്ഷ വിഭാഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജോലികള്‍ പ്രത്യേകിച്ചും ഡിജിറ്റല്‍ ആക്കിയതുകൊണ്ട് സൈബര്‍ കുറ്റവാളികള്‍ മുന്‍പ് ഉള്ളതിലും വേഗത്തിലും സൂത്രത്തിലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്താനും, ദുരുപയോഗപ്പെടുത്താനും സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗിയല്ലാത്തവരെയും ‘കൊറോണ ദോഷകരമായി’ ബാധിച്ചേക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
കൊറോണയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനായി അവരുടെ ഡാറ്റ നല്‍കാന്‍ ചില വെബ്‌സൈറ്റ് നിങ്ങളോട് ആവശ്യപ്പെടാം, ടെലികമ്മ്യൂട്ടിംഗിനായി ഒരു പുതിയ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു ഇമെയില്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ ആവശ്യപ്പെടാം, ഏതെങ്കിലും പ്ലാറ്റഫോമില്‍ (വീഡിയോ കോണ്‍ഫറന്‍സിംഗ്, ചാറ്റ് സംവിധാങ്ങള്‍ മുതലായവ) നിങ്ങളുടെ പാസ്വേഡ് നല്‍കാന്‍ ആവശ്യപ്പെടാം, നിങ്ങളുടെ സ്‌ക്രീനില്‍ ഒരു പോപ്പ്-അപ്പ് വിന്‍ഡോ ദൃശ്യമാകുകയും അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടാം. ഇങ്ങനെ പല രീതിയില്‍ കുറ്റവാളികള്‍ പൗരന്മാരെ വഞ്ചിക്കാന്‍ സാധ്യതയുണ്ടെന്നും കരുതലോടെ ഇരിക്കണമെന്നും, സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
വിചിത്രമായതോ ആവശ്യമുള്ളതോ ആയതെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ക്കു ഇ-മെയില്‍ ആവശ്യപ്പെടുന്നെങ്കില്‍, പാസ്വേഡ് അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന പേജുകളിലേക്ക് റഫര്‍ ചെയ്യുന്നുവെങ്കില്‍ ഓര്‍ക്കുക അത്തരം ഇമെയിലുകളില്‍ മടക്ക വിലാസം അല്ലെങ്കില്‍ പേര് വ്യാജമായിരിക്കും. വെബ്‌സൈറ്റിന്റെ കൃത്യത പരിശോധിക്കുക, ഒരു സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന മാറ്റങ്ങള്‍ അവരുടെ ഔദ്യോഗിക പേജിലൂടെയോ, ടീം മീറ്റിംഗുകളില്‍ ഉപയോഗിക്കുന്ന ചാനലുകളോ അല്ലെങ്കില്‍ സ്ഥിരമായി ലഭിക്കുന്ന വ്യക്തിപരമായ ഇമെയിലുകള്‍ വഴിയാണോ എന്നുറപ്പു വരുത്തുക. സംശയം തോന്നിയാല്‍ ഉത്തരവാദപ്പെട്ട അധികാരികളുമായി സംശയനിവാരണം നടത്താന്‍ ഭയപ്പെടരുത്. നിങ്ങള്‍ക്ക് എന്തെങ്കിലും വിവരം നല്‌കേണ്ടിവന്നാല്‍ അതീവ ശ്രദ്ധയോടെ ഉറവിടം ഉറപ്പുവരുത്തി നല്‍കുക.