കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് ഇല്ല
കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് കാണില്ല. കോവിഡ് ഭീതിയെ തുടര്‍ന്നാണ് സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ ആലോചിക്കുന്നത് . കൊവിഡ് നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപ തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സാധ്യതകളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തേടുന്നുണ്ട്. അസാധാരണ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട്ടില്‍ ജൂണ്‍ 19നു മുന്‍പ് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അവിടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളങ്ങളെല്ലാം കമ്മിഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു കഴിയില്ലെന്ന് ടിക്കാം റാം മീണ വ്യക്തമാക്കി.
എന്‍.വിജയന്‍പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് ചവറയില്‍ ഒഴിവുണ്ടായത്. ജൂണ്‍ 19നു മുന്‍പ് അവിടേയും തെരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടേയും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പില്ല.
പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. രാജ്യമാകെ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ എല്ലായിടത്തേയും ഉപ തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നതായും സൂചനയുണ്ട്.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടേയും സംസ്ഥാന സര്‍ക്കാരിന്റേയും അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം. ഉപ തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനമുണ്ടായാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കുട്ടനാടിനും ചവറയ്ക്കും നിയമസഭയില്‍ പ്രതിനിധിയുണ്ടാകില്ല. 2021 ജൂണ്‍ 19 വരെയാണ് സംസ്ഥാന നിയമസഭയുടെ കാലാവധി.