കൊറോണയ്ക്ക് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ ; സംഭവം കളമശേരി മെഡിക്കല്‍ കോളജില്‍

കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് കളമശേരി മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ഡോക്ടര്‍മാര്‍ ഈ പരീക്ഷണത്തിനു മുതിര്‍ന്നത്. കൊവിഡ് 19 രോഗികളില്‍ എച്ച്‌ഐവി മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ വിദഗ്ധാഭിപ്രായം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.

റിറ്റോനാവിര്‍, ലോപിനാവിര്‍ എന്നീ രണ്ടിനം മരുന്നുകളാണ് ജില്ലാ ഭരണ കൂടം നല്‍കിയത്. ചൈനയിലെ വുഹാനിലും ഡല്‍ഹിയിലും നേരത്തെ വൈറസ് ബാധിതരില്‍ എച്ച്‌ഐവി മരുന്ന് പരീക്ഷിച്ചിരുന്നു.

ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയില്‍ വിനോഡ സഞ്ചാരത്തിനെത്തിയ അറുപത്തിയൊന്‍പതുകാരനും ഭാര്യയ്ക്കുമാണ് ഡല്‍ഹിയില്‍ എച്ച്‌ഐവി മരുന്ന് നല്‍കിയത്. സവായ് മാന്‍ സിങ് ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. എച്ച്‌ഐവി ബാധിതര്‍ക്ക് നല്‍കാറുള്ള മരുന്നുകള്‍ക്ക് പുറമെ മലമ്പനി, എച്ച്1എന്‍1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും ഇവര്‍ക്ക് നല്‍കിയിരുന്നു. അതേസമയം കേരളത്തില്‍ ഇന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.