കൊറോണയുടെ പേരില്‍ ചികിത്സ ; വൈദ്യന്‍ മോഹനന്‍ നായര്‍ അറസ്റ്റില്‍

കുപ്രസിദ്ധ വൈദ്യന്‍ മോഹനന്‍ നായരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ്‌ചെയ്തു. തൃശ്ശൂര്‍ പട്ടിക്കാടുള്ള ചികിത്സാ കേന്ദ്രത്തില്‍ നിന്നുമാണ് ഇയാളെ പിച്ചീ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് 19 നടക്കം മോഹനന്‍ നായര്‍ ചികിത്സ നല്‍കുന്നുവെന്ന രഹസ്യ വിവരത്ത തുടര്‍ന്നാണ് പട്ടിക്കാടുള്ള രായിരത്ത് ഹെറിറ്റേജില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയത്. രാവിലെ മുതല്‍ ആരംഭിച്ച പരിശോധന വൈകീട്ടുവരെ നീണ്ടു. ഇതിന് പിന്നാലെയാണ് വ്യാജ ചികിത്സ നടത്തിയതിന് മോഹനന്‍ നായരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും അഞ്ച് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് രോഗികളെ ചികിത്സിച്ചിരുന്നത് മോഹനന്‍ നായരാണ്.

നേരത്തെ ചികിത്സാ പിഴവ് മൂലം ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ നായരെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പൊലീസാണ് മോഹനന്‍ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് മോഹനന്‍ നായര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. വയനാട് സ്വദേശിയുടെ പരാതിയില്‍ കായംകുളം പൊലീസ് മോഹനന്‍ നായര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് മൂന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ചികിത്സ കേന്ദ്രത്തില്‍ നടക്കുന്നതെന്ന് കണ്ടെത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു തുടര്‍ന്നു വഞ്ചന ആള്‍മാറാട്ടം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പീച്ചി പൊലീസ് കേസെടുത്തത്.