മാര്‍ച്ച് 22ന് ‘ജനതാ കര്‍ഫ്യൂ’ ആഹ്വനം ചെയ്ത് പ്രധാനമന്ത്രി
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെ ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനതാ കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണയായി ഒരു ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി- അദ്ദേഹം പറഞ്ഞു.
കൂടാതെ, വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അദ്ദേഹം സൂചിപ്പിച്ചു . കോവിഡ് 19നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി രോഗപ്രതിരോധത്തിന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യാബാഹുല്യമാണെന്നും അഭിപ്രായപ്പെട്ടു .
ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും കൊറോണയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി 130 കോടി ഇന്ത്യക്കാര്‍ കൊറോണയെ ധൈര്യപൂര്‍വം നേരിട്ടു കൊണ്ടിരിക്കുകയാണ്. മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാവുന്നുണ്ട്. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വൈറസ് വ്യാപനത്തെ അത്യന്തം കരുതലോടെ നേരിടണം. സ്വയം രോഗബാധിതരാവില്ലന്ന് പ്രതിജ്ഞയെടുത്ത് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. ഒരു പൗരനും ലാഘവത്തെടെ കോവിഡ് ഭീതിയെ സമീപിക്കരുത്. ലോകമാകെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മെല്ലെ തുടങ്ങി അതിവേഗം പടരുന്ന കാഴ്ചയാണ് കാണുന്നതെന്നും മോദി പറഞ്ഞു.
വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ അടിയന്തര നടപടി എടുത്ത രാജ്യങ്ങള്‍ക്ക് മാത്രമാണ് രോഗത്തെ നേരിടാനായത്. അലസതയോടെ ആരും വൈറസ് വ്യാപനത്തെ സമീപിക്കരുത്. കൊറോണയ്ക്ക് ഇതുവരെ ശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൂടിപ്രതിരോധിക്കണമെന്നും മോദി പറഞ്ഞു.