നിര്‍ഭയയ്ക്ക് നാളെ നീതി ലഭിക്കും ; നീതി നടപ്പാകാന്‍ മണിക്കൂറുകള്‍

രാജ്യം കാത്തിരുന്ന വിധി നാളെ നടപ്പാക്കും. വധശിക്ഷ നീട്ടി വയ്ക്കുമെന്ന പ്രതീക്ഷയില്‍ അക്ഷയ് സിംഗ് നല്‍കിയ രണ്ടാമത്തെഹര്‍ജിയും രാഷ്ട്രപതി തള്ളി. കൂടാതെ പവന്‍ ഗുപ്തയുടെ രണ്ടാം തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ വധശിക്ഷ നാളെതന്നെ നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായി. ഇതിനിടെ കേസിലെ വിചാരണ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാറിന്റെ ഭാര്യ വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഈ കേസുകളില്‍ തീര്‍പ്പ് കല്‍പിക്കാതെ വധശിക്ഷ നടപ്പിലാക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുറ്റവാളികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. നാലുപേരുടെയും തൂക്കുകയര്‍ തയ്യാറാക്കി ആരാച്ചാര്‍ പവന്‍ കുമാര്‍ രണ്ട് ദിവസമായി തിഹാര്‍ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു.

എന്തായാലും ഇതുവരെ കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരുടെ വധശിക്ഷ നാളെതന്നെ നടത്തുമെന്നാണ്. 2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു നിര്‍ഭയയെ ആറുപേര്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശേഷം പെണ്‍കുട്ടിയെ പുറത്തേയ്ക്ക്വലിച്ചെറിയുകയും ചെയ്തത്.

തുടര്‍ന്ന് ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപതിയില്‍ വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശേഷം കഴിഞ്ഞ ഏഴു വര്‍ഷമായി മകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി നിര്‍ഭയയുടെ അമ്മ കഠിനമായ നിയമ പോരാട്ടത്തിലായിരുന്നു. ആ പോരാട്ടത്തിന് അന്ത്യം കുറിക്കാന്‍ നാളെ കഴിയുമെന്നാണ് വിശ്വാസം.

രാജ്യത്തെയാകെ നൊമ്പരപ്പെടുത്തിയ ആ കൊടുംക്രൂരത നടന്നത് 2012 ഡിസംബര്‍ 16നായിരുന്നു. രാജ്യ മനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ സംഭവത്തില്‍ രാജ്യം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രതിഷേധിച്ചു. ഓടുന്ന ബസില്‍ ഒരു പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും മരണത്തിലേക്ക് തള്ളിയിടപ്പെട്ടതുമായ സംഭവം പീഡന കേസുകളുടെ നടപടിക്രമങ്ങളും നിയമങ്ങളിലും വലിയ മാറ്റം വരുത്താന്‍ തന്നെ ഇടയാക്കി.

രാജ്യം പിന്നീട് നിര്‍ഭയ എന്ന് പേരുവിളിച്ച പെണ്‍കുട്ടി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടത്, രാജ്യതലസ്ഥാനത്ത്, ഭരണസിരാകേന്ദ്രത്തിന് അധികം ദൂരയല്ലാതെയായിരുന്നുവെന്നതാണ് ഏവരെയും ഞെട്ടിച്ചത്. രാത്രി സുഹൃത്തിനൊപ്പം സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. കൃത്യം നടന്ന് ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കപ്പെടുന്നത്.

അനധികൃത സര്‍വീസ് നടത്തുകയായിരുന്ന ആ ബസ്സില്‍ നേരത്തെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ശല്യം ചെയ്തപ്പോള്‍ അതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികള്‍ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. പിന്നീട് പെണ്‍കുട്ടിക്കു നേരെ തിരിഞ്ഞ അക്രമികള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പീഡനത്തിനിടയില്‍ അക്രമികള്‍ പെണ്‍കുട്ടിയുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റി. അവശനിലയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി 17 ദിവസം മരണത്തോട് മല്ലടിച്ചു.

പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലമാക്കി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ അവള്‍ മരണത്തിന് കീഴടങ്ങി. കാടത്തത്തിന് മുന്നില്‍ രാജ്യം തലകുനിച്ചു. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. ഡല്‍ഹിയില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും പടര്‍ന്നു. രാജ്യത്തെ ഭരണകൂടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന നിലയിലേക്ക് പ്രതിഷേധങ്ങള്‍ വളര്‍ന്നു.

പൊലീസ് സംഘത്തിന്റെ പ്രൊഫഷണലായ അന്വേഷണവും തെളിവ് ശേഖരണവും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതില്‍ നിര്‍ണായകമായി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പഴുതടച്ചു സമര്‍പ്പിച്ച കുറ്റപത്രവും പ്രോസിക്യൂഷന്‍ വാദവുമാണ് പ്രതികളെ കഴുമരത്തിലെത്തിച്ചത്.ഇന്ത്യന്‍ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായ നിര്‍ഭയ കേസില്‍ പരമോന്നത കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. മറ്റൊരു പ്രതി രാംസിംഗ് ജയിലില്‍ തൂങ്ങിമരിച്ചു. ശേഷിച്ച നാല് പ്രതികളുടെ വധശിക്ഷയാണ് വെള്ളിയാഴ്ച രാവിലെ നടപ്പാക്കപ്പെടുന്നത്.