ജനത കര്‍ഫ്യൂ’, മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കൊറോണ ഭീഷണി തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ജനത കര്‍ഫ്യൂ’ വിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കൊറോണയെ നേരിടാന്‍ ഈ നടപടി ഏറെ സഹായകമാവുമെന്നു ലോകാരോഗ്യ സംഘടനയുടെ (WHO) ഇന്ത്യയിലെ പ്രതിനിധി ഹെങ്ക് ബെക്കെഡാം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്ത ‘ജനത കര്‍ഫ്യൂ’വിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നു. കൂടാതെ, സാമൂഹിക അകലം പാലിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഏറെ സഹായകമാകും, ഹെങ്ക് ബെക്കെഡാം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തോടായി നടത്തിയ അഭിസംബോധനയ്ക്ക് ശേഷം ലോകാരോഗ്യ സംഘടന പുറത്തുവിട്ട പ്രസ്താവനയിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത് .

കൈ ശുചിത്വം , മാസ്‌ക് ധരിക്കുക എന്നിവയോടൊപ്പം സാമൂഹിക അകലം പാലിക്കുന്നതു വഴി കൊറോണ വൈറസ് വ്യാപകമായി പടരുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് എന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ഐക്യദാര്‍ഢ്യത്തോടെ ഒന്നിച്ചുനില്‍ക്കേണ്ടത് അത്യാവശ്യമാണ്”, ബെക്കെഡാം കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് എന്ന മഹാമാരി വ്യാപമായി പടരുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രി ‘ജനത കര്‍ഫ്യൂ’ വിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് `ജനത കര്‍ഫ്യൂ’. ഈ സമയത്ത് കഴിവതും വീടിനുള്ളില്‍ തന്നെ കഴിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ വരുന്ന സമയമാണ് ലോകാരോഗ്യ സംഘടന വിഷയത്തില്‍ അഭിപ്രായം അറിയിച്ചിരിക്കുന്നത്.