ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് ക്രൈംബ്രാഞ്ച്
കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു ക്രൈംബ്രാഞ്ച്. മരണം വാഹനാപകടത്തെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആഭ്യന്തര വകുപ്പിന് കൈമാറി.
അതേസമയം തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബം അന്ന് രാത്രി തന്നെ മടങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ബാലഭാസ്‌കര്‍ തീരുമാനിച്ചിരുന്നു. രാത്രി മടങ്ങുന്നതിനാല്‍ വാടക കുറച്ചുതരണമെന്ന് ബാലഭാസ്‌കര്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
തൃശ്ശൂരില്‍നിന്ന് പുറപ്പെട്ടത് മുതല്‍ കാര്‍ അമിതവേഗത്തിലായിരുന്നു. തൃശൂര്‍ നിന്നും 260 കിലോമീറ്റര്‍ ദൂരം മൂന്നര മണിക്കൂറ് കൊണ്ടാണ് എത്തിയത്. പള്ളിപ്പുറത്ത് വച്ച് അമിതവേഗത്തെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ച എല്ലാ സംശയങ്ങളും അന്വേഷിച്ചെന്നും അപകടത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
2018 സെപ്റ്റംബര്‍ 25 നാണ് ദേശീയപാതയില്‍ തിരുവനന്തപുരത്തിന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവസ്ഥലത്തുവെച്ചും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയും മരിച്ചു. അതേസമയം, ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സിബിഐയും പരിശേധിക്കും.