കൊറോണ ; തൊഴില്‍ നഷ്ടമാകുന്ന ദിവസ വേതനക്കാര്‍ക്ക് 1000 രൂപ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാന്‍ ആണ് സര്‍ക്കാര്‍ ഐ ടി , സര്‍ക്കാര്‍ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍ അവരെക്കാള്‍ പതിന്മടങ്ങ് ദിവസകൂലിക്ക് ജോലിക്ക് പോകുന്നവരുള്ള നാടാണ് നമ്മുടെ ഇന്ത്യ. തൊഴില്‍ ഇല്ലാതായാല്‍ കഷ്ടത്തിലാകുന്നത് അവരുടെ കുടുംബങ്ങള്‍ ആണ്. അതിനു ഒരു പരിഹാരം ഒരു സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുമില്ല.
എന്നാല്‍ ദിവസവേതന തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍. നിര്‍മ്മാണ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും ആയിരം രൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കൊറോണ ഭീതിയില്‍ രാജ്യമെമ്പാടും വ്യാപക അടച്ചുപൂട്ടലുകള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ യോഗി സര്‍ക്കാറിന്റെ ഈ പ്രഖ്യാപനം വളരെയധികം ശ്രെദ്ധേയമാകുകയാണ്.
ഈ സഹായം സംസ്ഥാനത്തെ ഇരുപതു ലക്ഷത്തോളം വരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കും 15 ലക്ഷം വരുന്ന ദിവസവേതന തൊഴിലാളികള്‍ക്കും സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പണം കൈമാറുന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴി ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ BPL കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ക്ക് 20 കിലോ ഗോതമ്പും 15 കിലോ അരിയും നല്കുമെന്നും യോഗി പറഞ്ഞു. കൂടാതെ ഏപ്രില്‍-മെയിലെ പെന്‍ഷന്‍ ഏപ്രിലില്‍ തന്നെ നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാത്തിനും പുറമെ പ്രധാനമന്ത്രി പ്രഖ്യാപ്പിച്ച ജനതാ കര്‍ഫ്യൂവില്‍ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനായി നാളെ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ വീട്ടില്‍ തന്നെ ഇരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് . ഉത്തര്‍പ്രദേശില്‍ ഇതുവരെ 23 പേര്‍ക്ക് കൊറോണ വൈറസ് ബാധ പിടിച്ചിട്ടുണ്ടെന്നും അതില്‍ ഒന്‍പതുപേര്‍ രോഗ വിമുക്തരായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.