ഓസ്ട്രിയയില്‍ കൊറോണ ബാധിതരുടെ എണ്ണം 3600 കവിഞ്ഞു: സമ്പര്‍ക്ക നിരോധന നടപടികള്‍ ഏപ്രില്‍ 13 വരെ നീട്ടി
വിയന്ന: മാര്‍ച്ച് 23 രാവിലെ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്ക് അനുസരിച്ചു ഓസ്ട്രിയയില്‍ 3611 പേര്‍ക്ക് കൊറോണ വൈറസ് അണുബാധയുള്ളതായി സ്ഥിരീകരിച്ചു. ഇതുവരെ 23,429 ടെസ്റ്റുകള്‍ രാജ്യത്ത് നടത്തി. അതേസമയം 16 പേരെ വൈറസ് കവര്‍ന്നു. എന്നാല്‍ മറ്റു 9 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സമ്പര്‍ക്ക നിരോധന നടപടികള്‍ ഏപ്രില്‍ 13 വരെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 13 ന് ശേഷം നടപടികള്‍ ഘട്ടംഘട്ടമായി ലഘൂകരിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ വിലയിരുത്തുമെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരിച്ച കേസുകള്‍ അനുസരിച്ച് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം, വിയന്ന (451), ബുര്‍ഗന്‍ലാന്‍ഡ് (63), കരിന്തിയ (113), ലോവര്‍ ഓസ്ട്രിയ (512), അപ്പര്‍ ഓസ്ട്രിയ (696), സാല്‍സ്ബുര്‍ഗ് (358), സ്റ്റായമാര്‍ക്ക് (447), തിറോള്‍ (676), ഫോറാല്‍ബെര്‍ഗ് (294) എന്നിങ്ങനെയാണ്. അതേസമയം വിയന്നയില്‍ ഏഴ് പേരും സ്റ്റായമാര്‍ക്കില്‍ നാല് പേരും, ലോവര്‍ ഓസ്ട്രിയ, അപ്പര്‍ ഓസ്ട്രിയ, ബുര്‍ഗന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.
ഹോട്ട് ലൈന്‍:
ജനങ്ങള്‍ക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും, പൊതുവായ യാത്ര, ജോലി മുതലായ കാര്യങ്ങളില്‍ വിവരങ്ങള്‍ ലഭിക്കാനും 0800 555 621 എന്ന നമ്പറിലും ടെലിഫോണിലൂടെ ആരോഗ്യ ഉപദേശം വേണമെങ്കില്‍ 1450 എന്ന നമ്പറില്‍ വിളിക്കുക.