ജില്ലകള്‍ അടച്ചിടും എന്നത് വാസ്തവ വിരുദ്ധം എന്ന് മുഖ്യമന്ത്രി ; നിയന്ത്രണങ്ങള്‍ തുടരും

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തില്‍ കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഏറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടച്ചിടുമെന്നു പറഞ്ഞിരുന്നത്.

കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകളാണിവ. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കൈക്കൊണ്ട തീരുമാനമാണിത്. കേരളത്തിലെ ഏഴ് ജില്ലകള്‍ ഉള്‍പ്പടെ ഇന്ത്യയിലൊട്ടാകെ വൈറസ് സ്ഥിരീകരിച്ച 75ജില്ലകളാണ് അടച്ചിടാന്‍ തീരുമാനിച്ചത്.

ആവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുള്ള ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ഇതില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.