മഹീന്ദ്രയുടെ റിസോര്‍ട്ടുകള്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കും; വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കും: ആനന്ദ് മഹീന്ദ്ര
കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി വ്യവസായ പ്രമുഖനും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര രംഗത്ത്. രോഗികളെ പരിചരിക്കുവാന്‍ ആശുപത്രികളില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ മഹീന്ദ്രയുടെ ഹോളീഡേ റിസോര്‍ട്ടുകള്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാന്‍ ഒരുക്കമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. അതുപോലെ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ മഹീന്ദ്ര ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഇന്ത്യ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ആരോഗ്യമേഖലയെ സാരമായി തന്നെ ഈ ഘട്ടം ബാധിക്കും. അതുകൊണ്ട് തന്നെ താത്ക്കാലികമായി ധാരാളം ആശുപത്രികള്‍ വേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. വെന്റിലേറ്ററുകള്‍ ഇവിടെ ദുര്‍ലഭമാണ്. ആയതിനാല്‍, ഞങ്ങളുടെ നിര്‍മ്മാണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ആവശ്യത്തിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മഹീന്ദ്ര ഗ്രൂപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ തന്നെ മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ താത്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയ്യാറാണ്’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇതിന് പുറമെ പെട്ടെന്നുണ്ടായ പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ചെറുകിട വ്യവസായികളെയും സ്വയം തൊഴിലിനെ ആശ്രയിക്കുന്നവരെയും സഹായിക്കാന്‍ ഒരു ഫണ്ട് രൂപീകരിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.