കൊറോണ ഭീതിയില്‍ പോലും യൂറോപ്പില്‍ വേനല്‍ക്കാല സമയമാറ്റം ഞായര്‍ മുതല്‍
കൈപ്പുഴ ജോണ്‍ മാത്യു
ബര്‍ലിന്‍: ഇന്ന് യൂറോപ്പ് ഭീകരമായി കോവിഡ്-19 ന്റെ പിടിയിലാണെങ്കിലും അടുത്ത ഞായറാഴ്ച (29) വേനല്‍ക്കാല സമയമാറ്റം ഉണ്ടാകും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂര്‍ മുന്നിലാക്കിയാണ് വേനല്‍ക്കാല സമയത്തിന് തുടക്കം കുറിക്കുന്നത്. കോവിഡ് ഭീഷണിയില്‍ ജനം സംഭവം മറന്ന ലക്ഷണമാണ് എങ്ങും.
വേനല്‍ക്കാല സമയമാറ്റത്തോടെ പ്രഭാതങ്ങളില്‍ ഏറെ ഇരുട്ടും, സന്ധ്യകള്‍ക്ക് വെട്ടം കൂടുകയും ചെയ്യും. ഇന്ന് യൂറോപ്പില്‍ ഈ സമയമാറ്റ പ്രക്രിയയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന് ഒരു അഭിപ്രായ സര്‍വേയിലൂടെ എണ്‍പത് ശതമാനം യൂറോപ്യന്‍ ജനത ആവശ്യപ്പെട്ടു കഴിഞ്ഞു.
ജനസമ്മര്‍ദ്ദം ഏറുന്നതുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ ഈ വര്‍ഷാവസാനം ഒരു അവസാന വാക്ക് പറയും എന്ന് സൂചനയുണ്ട്. 2021 അവസാനം പൂര്‍ണ്ണമായും യൂറോപ്പില്‍ ഈ സമയമാറ്റ പ്രക്രിയ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2020 ഒക്ടോബര്‍ ഇരുപത്തിയഞ്ച് പുലര്‍ച്ചെ ഈ വേനല്‍ക്കാല സമയമാറ്റം അവസാനിക്കും. അടുത്ത ഞായറാഴ്ച മുതല്‍ ഇന്ത്യയും യൂറോപ്പുമായി മൂന്നര മണിക്കൂറിന്റെ സമയ വ്യത്യാസമാണ് വരുന്നത്.