കോവിഡ് 19 രണ്ട് ലോക മഹായുദ്ധങ്ങളെക്കാള്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നുവെന്ന് മര്‍ത്തോമ്മാ മെത്രാപ്പോലീത്ത
പി.പി.ചെറിയാന്‍
ഡാളസ്/തിരുവല്ല: രണ്ട് ലോക മഹായുദ്ധങ്ങള്‍ ആഗോളതലത്തില്‍ സൃഷ്ടിച്ച പരിഭ്രാന്തിയെക്കാള്‍ ഭീതിജനകമായ അന്തരീക്ഷമാണ് കോവിഡ് 19 മൂലം സംജാതമായിരിക്കുന്നതെന്ന് മലങ്കര മര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മ.
മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ തിരുവല്ല പൂലാത്തീനില്‍ നടന്ന ആരാധനയ്ക്ക് നേതൃത്വം നല്‍കിയ ശേഷം ലോകമെമ്പാടുമുള്ള മാര്‍ത്തോമ്മ സഭാംഗങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് മെത്രാപ്പോലീത്ത തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയുടെ പരിണിത ഫലമാണ് കൊറോണ വൈറസുപോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നും മെത്രാപോലീത്താ പറഞ്ഞു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാര്‍ത്തോമ്മാ സഭ പരസ്യാരാധനകളെല്ലാം മാറ്റി വച്ച സാഹചര്യത്തില്‍ തിരുമേനിയും സഭാ സെക്രട്ടറിയും ഉള്‍പ്പെടെ പരിമിത അംഗങ്ങള്‍ പങ്കെടുത്ത പരസ്യരാധനയില്‍ സഭയായി നിശ്ചയിച്ചിരുന്ന ‘കൂനിയായ സ്ത്രീയുടെ അത്ഭുത രോഗശാന്തി ‘ എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനപ്രസംഗം നടത്തി.
കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും അതിനെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന ഭരണാധികാരികളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു. രോഗലക്ഷണമുണ്ടെങ്കില്‍ മറച്ചു വക്കരുതെന്നും അധികാരികളെ വിവരം അറിയിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അത് ക്രൈസ്തവ ധര്‍മ്മമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
പുലാത്തിനില്‍ നിന്നുള്ള ആരാധനയുടെ തല്‍സമയ ദൃശ്യങ്ങള്‍ പതിനായിരങ്ങളാണ് യു-ട്യൂബിലൂടെ ദര്‍ശിച്ചത്.