മന്ത്രി തോമസ് ഐസക് കളിക്കുന്നത് നീച രാഷ്ട്രീയം എന്ന് കെ. സുരേന്ദ്രന്‍

കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര വിരുദ്ധത പറഞ്ഞ് നീച രാഷട്രീയം കളിക്കുകയാണെന്ന ആരോപണവുമായി BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ‘കൊറോണക്കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നോക്കുകുത്തിയായി ഇരിക്കുന്ന തോമസ് ഐസക് വാര്‍ത്തകളില്‍ ഇടം നേടാനുള്ള നെറികെട്ട നീക്കമാണ് നടത്തുന്നത്. കേന്ദ്രം സഹായിക്കുന്നില്ലന്ന് പറയുന്ന ഐസക് രാഷ്ട്രീയമായ എതിര്‍പ്പിന്റെ പേരില്‍ അസത്യം പ്രചരിപ്പിക്കുകയും ഭിന്നത വളര്‍ത്തുകയുമാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.

‘കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ വളരെ ക്രിയാത്മകവും ശക്തവുമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. അത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ കേന്ദ്ര നടപടികളെ ഐസക് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ആക്ഷേപിക്കുകയാണുണ്ടായത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളമടക്കം രാജ്യം ഏറ്റെടുത്തതാണ്. എന്നാല്‍ അതിനെയും മന്ത്രി ഐസക് ‘പാട്ടക്കൊട്ടല്‍’ എന്ന് ആക്ഷേപിക്കുകയാണുണ്ടായത്.’ സുരേന്ദ്രന്‍ പറഞ്ഞു.

‘കേന്ദ്രത്തെ ആക്ഷേപിക്കുന്ന സംസ്ഥാന ധനമന്ത്രി കേരളത്തില്‍ എന്തു ചെയ്‌തെന്ന് സ്വയം വിലയിരുത്തണം. കേരളം പ്രഖ്യാപിച്ച പാക്കേജിലെ തട്ടിപ്പ് ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ക്ഷേമപെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാനുള്ളപ്പോഴാണ് രണ്ടു മാസം ഒന്നിച്ചു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശും കര്‍ണ്ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ സൗജന്യ ഭക്ഷണവും സൗജന്യ സാധനങ്ങളും സാമ്പത്തിക സഹായങ്ങളുമെല്ലാം നല്‍കുന്നു.

ദുരിതാശ്വാസത്തിനായി കേന്ദ്രം അനുവദിച്ചിട്ടുള്ള പണത്തില്‍ ഉപയോഗിക്കാതെയുള്ളത് ചെലവഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്. പ്രളയകാലത്ത് നല്‍കിയ പണം ഉപയോഗിക്കാതിരിക്കുകയും ദുര്‍വിനിയോഗം ചെയ്യുകയുമാണുണ്ടായത്. കൊറോണക്കാലത്തും അതിനുള്ള സാധ്യതയാണ് മന്ത്രി ഐസക് തേടുന്നത്,’ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സാമ്പത്തിക പാക്കേജ് ഉള്‍പ്പടെ അനുവദിക്കാന്‍ കേന്ദ്രധനമന്ത്രിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് മന്ത്രി ഐസക് കേന്ദ്ര വിരുദ്ധത പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.