കൊറോണ ; മനുഷ്യര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍…

ബി എന്‍ ഷജീര്‍ ഷാ

പണത്തിനും പദവിക്കും വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കാന്‍ മടിയില്ലാത്ത ഒരു ജീവിയായി മനുഷ്യന്‍ മാറിയിട്ട് പതിറ്റാണ്ടുകളെ ആവുകയുള്ളൂ. എന്തും നേടാന്‍ കിട്ടാത്തത് വെട്ടിപ്പിടിക്കാന്‍ അവന്‍ തുനിഞ്ഞതോടെ ലോകത്തിന്റെ നിലനില്പ് തന്നെ അപകടത്തിലായി. തന്നെ തോല്‍പ്പിക്കാന്‍ ദൈവത്തിനുപോലും കഴിയില്ല എന്ന അഹങ്കാരം അവനെ മനുഷ്യന്‍ അല്ലാതെയാക്കി. ഭൂമിയില്‍ ജീവിക്കുവാനുള്ള അവകാശം തനിക്ക് മാത്രമാണ് എന്ന തോന്നല്‍ അവനെ മറ്റു ജീവജാലങ്ങളെ ഇല്ലാതാക്കുവാനും അവയെ ഉപദ്രവിക്കാനും ഭൂമിയെ തന്നെ നശിപ്പിക്കാനും മടിയില്ലാത്തവന്‍ ആക്കി മാറ്റി.

കാടുകള്‍ കയ്യേറി തീയിട്ടു, മലകളും കുന്നുകളും ഇടിച്ചു നിരത്തി, നദികളെയും പുഴകളെയും കൊന്നു, അവന്റെ വിസര്‍ജ്യ മാലിന്യം കൊണ്ട് ഭൂമിയെ നിറച്ചു. മറ്റു ജീവജാലങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലാക്കി അവന്‍ ഈ ഭൂമിയെ അടക്കി ഭരിച്ചു. അപ്പോഴാണ് ചൈനയിലെ വുഹാന്‍ എന്ന സ്ഥലത്ത് ഒരു വൈറസ് അതായത് കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ നേരെ കാണുവാന്‍ പോലും പറ്റാത്ത അത്രയും ചെറിയ ഒരു ജീവി എന്ന് വേണേല്‍ പറയാം എന്നാല്‍ ജീവി അല്ല. കൊറോണ എന്ന് അതിനെ ലോകം വിളിച്ചു. ആ കൊറോണ തന്റെ വരവറിയിച്ചതു നമ്മളില്‍ പലരും പത്രമാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞു. ‘ഓ അതങ്ങ് ചൈനയില്‍ അല്ലെ’ നമ്മള്‍ അതൊന്നും വലിയ കാര്യം ആക്കാതെ ബാക്കി പരിപാടികള്‍ തുടര്‍ന്നു.

ദിവസങ്ങള്‍ കഴിഞ്ഞു ഈ കൊറോണ കണ്ണില്‍ കാണുന്നവരെ എല്ലാം ആക്രമിക്കാന്‍ തുടങ്ങി. ഇതൊന്നും വലിയ കാര്യമാക്കാത്ത ചൈനക്കാര്‍ ഇവന്റെ മുന്നില്‍ തോറ്റ് മരണം വരിക്കാന്‍ തുടങ്ങി. ചൈനയില്‍ അല്ലേലും അങ്ങനെ നടക്കു എന്ന് ലോക രാജ്യങ്ങള്‍ കളിയാക്കിയും മറ്റും സംസാരിക്കാന്‍ തുടങ്ങി. മരണ സംഖ്യ നൂറായി അഞ്ഞൂറായി ആയിരമായി. ചൈന ഭയന്നു ആ ഭയം മറ്റു രാജ്യങ്ങളിലും പടര്‍ന്നു. അപ്പോഴേയ്ക്കും ഇറ്റലി അമേരിക്ക എന്നിങ്ങനെയുള്ള രാജ്യങ്ങളും കൊറോണയുടെ ആക്രമണത്തിന് ഇരയായി. അത് പതിയെ പതിയെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും എത്തി. ഇതുവരെ ലോകമെമ്പാടുമായി 18,950 ലേറെ മനുഷ്യര്‍ ഈ വൈറസ് കാരണം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങള്‍ വൈറസ് ബാധ ഏറ്റു ആശുപത്രികളിലും വീടുകളിലും കഴിയുന്നു.

2020 എന്ന പുതിയ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കാണുംബോള്‍ വിധിയില്‍ വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇതൊക്കെ ആരോ പ്ലാന്‍ ചെയ്തു നടപ്പിലാക്കുന്നു എന്നാണു എനിക്ക് തോന്നുന്നത്. ഈ പോസ്റ്റ് ഇടുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഇരിപ്പാണ്. നമ്മുടെ അയല്‍ക്കാരും ബന്ധുക്കളും കൂട്ടുകാരും എല്ലാം വീടിനു ഉള്ളിലാണ്. കോടിശ്വരന്മാരായ അംബാനിയും അധാനിയും യൂസഫലിയും അവരുടെ സ്ഥാപനങ്ങളില്‍ മേല്‍ തട്ടില്‍ മുതല്‍ താഴെ തട്ടുവരെയുള്ള ജോലിക്ക് വരുന്നവരും ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഇരിക്കുകയാവും. നമ്മുടെ മെഗാസ്റ്റാര്‍ , സൂപ്പര്‍സ്റ്റാര്‍ പ്രശസ്തരായ ക്രിക്കറ്റ് താരങ്ങള്‍ ഗായകര്‍ എന്നിങ്ങനെ ധാരാളം പണവും സമൂഹത്തില്‍ ഉയര്‍ന്ന പദവിയും ഉള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ വീട്ടിന്റെ ഉള്ളിലാണ്. അവരുടെ കയ്യിലുള്ള പണവും പദവിയും ഒന്നും അവരുടെ ജീവന് യാതൊരുവിധ പരിരക്ഷയും നല്‍കുന്നില്ല.

ഇതില്‍ നിന്നും രക്ഷനേടാന്‍ ദൈവങ്ങളെ വിളിക്കാം എന്ന് വെച്ചാല്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച് വെച്ചിരിക്കുന്ന ആരാധാനാലയങ്ങള്‍ പോലും പൂട്ടി ഇട്ടിരിക്കുകയാണ്. വീട്ടില്‍ ഇരുന്നു പ്രാര്‍ത്ഥന നടത്തുവാന്‍ ആണ് അവര്‍ പറയുന്നത്. അപ്പോള്‍ ദൈവത്തിനോട് പ്രാര്‍ത്ഥന നടത്താന്‍ ആരാധാനാലയങ്ങള്‍ അത്യാവശ്യമല്ല എന്ന് സാരം. ദൈവത്തിന്റെ പേരില്‍ കൊല്ലാനും ചാവാനും നടന്നവര്‍ എല്ലാം പേടിച്ചു വീടിന്റെ ഉള്ളിലാണ്. അതുപോലെ വര്‍ഷാവര്‍ഷം ശതകോടികള്‍ ആണ് ഓരോ രാജ്യങ്ങളും ആയുധങ്ങള്‍ വാങ്ങാന്‍ മാറ്റി വെയ്ക്കുന്നത്. അങ്ങനെ വാങ്ങിച്ചു കൂട്ടിയ വെടിക്കോപുകള്‍ ഒന്നും ഇപ്പോള്‍ ഉള്ള പ്രശ്‌നത്തിന് പരിഹാരമല്ല.

ലോകത്തില്‍ 24 മണിക്കൂറും ജനസഞ്ചാരം ഉണ്ടായിരുന്ന വീഥികള്‍ , പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇതെല്ലാം ഇപ്പോള്‍ നിശബ്ദമാണ് ശാന്തമാണ്. മനുഷ്യനെ അവിടെ കാണുവാനില്ല. എന്നാല്‍ മനുഷ്യനെ പേടിച്ചു പുറത്തിറങ്ങാത ജീവജാലങ്ങള്‍ ആണ് ഈ അവസരം മുതലാക്കുന്നത്. അവര്‍ സ്വതന്ത്രമായി ചുറ്റികറങ്ങുകയാണ്. അവര്‍ക്ക് ഒന്നിനെയും പേടിയില്ല. വൈറസ് ഭീതിയില്‍ ഇറ്റലിയിലെ നഗരങ്ങള്‍ ഒഴിഞ്ഞപ്പോള്‍ അവിടത്തെ തടാകങ്ങളില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡോള്‍ഫിനുകള്‍ നീന്തി തുടിക്കുന്ന വീഡിയോ നാമെല്ലാം കണ്ടതാണ്.

അതുപോലെ അരയന്നങ്ങള്‍ തടാകത്തില്‍ വിരുന്നു വന്നു. ആളൊഴിഞ്ഞ നിരത്തിലൂടെ ധൈര്യമായി സഞ്ചരിക്കുന്ന ധാരാളം ജീവജാലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വരെ പേടിപ്പിച്ചു മാറ്റി നിര്‍ത്തിയ മനുഷ്യര്‍ അടച്ചിട്ട മുറികളില്‍ ഇരുന്നു അവയൊക്കെ കണ്ടു കയ്യടിക്കുന്നു. അതുപോലെ വാഹനങ്ങളും ഫാക്ടറികളും അടച്ചു ഇട്ടതോടെ പോലൂഷ്യന്‍ കുറഞ്ഞു. നദികളിലും പുഴകളിലും തള്ളുന്ന മാലിന്യത്തിന്റെ അളവ് കുറഞ്ഞു. ഭൂമിക്ക് തന്നെ സഹിക്കുവാന്‍ കഴിയുന്നതിനു അപ്പുറം മനുഷ്യന്‍ ഭൂമിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതിനു പ്രകൃതി നല്‍കിയ മറുപടിയാകും ഈ വൈറസ്.

ഇന്നലെവരെ എല്ലാം വെട്ടിപ്പിടിക്കാന്‍ ഓടി നടന്നവര്‍ സ്വന്തം വീട്ടില്‍ ഇരുന്നു മൂന്ന് നേരം ആഹാരം കഴിച്ചു കിടന്നുറങ്ങി വീണ്ടും എണീറ്റ് ആഹാരം കഴിച്ചു ജീവിക്കുന്നു. നമ്മുടെ വീടുകളില്‍ ഉള്ള പൂച്ച പട്ടി ഇവയും അതുപോലെ ആണ് ജീവിച്ചു വന്നത്. ഇപ്പോള്‍ നമുക്ക് ഏവര്‍ക്കും അത്യാവശ്യം മൂന്ന് നേരം ആഹാരം മാത്രമായി. എല്ലാവര്ക്കും വലുത് വിശപ്പും സ്വന്തം ജീവനും മാത്രമായി.

ആദിമമനുഷ്യനും ഇങ്ങനെ ആയിരുന്നു. ഇപ്പോള്‍ ഉള്ള നമ്മളും ആ ഒരു നിലയില്‍ ആണ്. ഇതൊക്കെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. നമ്മള്‍ മനുഷ്യന് ഈ ലോകത്തില്‍ ഒന്നും അല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍. നമ്മള്‍ എന്തൊക്കെ നേടിയാലും പ്രകൃതി ഒന്ന് കണ്ണടച്ചാല്‍ എല്ലാം തീരും എന്ന്. മറ്റു ജീവജാലങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഭൂമി എന്ന്. എന്നാല്‍ ഇപ്പോള്‍ ഉള്ള ഈ പ്രശ്‌നങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ വീണ്ടും പഴയത് പോലെ ആകും എന്നതാണ് സത്യം. എങ്കില്‍ ഇനിയും ഇത്തരത്തിലുള പണികള്‍ പ്രതീക്ഷിക്കാം. കാരണം ഞാന്‍ ആദ്യം പറഞ്ഞത് പോലെ ഇതൊക്കെ മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാന്‍ ആരെങ്കിലും പ്ലാന്‍ ചെയ്തു നടപ്പാക്കുന്നത് ആണേല്‍ മനുഷ്യന്‍ നന്നയില്ലേല്‍ ഈ പതിറ്റാണ്ട് പണികളുടെ പതിറ്റാണ്ട് ആയി മാറും. അതിന്റെ ഒരു ചെറിയ മുന്നറിയിപ്പ് മാത്രമാകും ഈ കൊറോണ…..