വിമാന സര്‍വീസ് നിര്‍ത്തലാക്കി ; അനാഥമായി പ്രവാസികളുടെ മൃതദേഹങ്ങള്‍

കൊറോണയെ തുടര്‍ന്ന് യുഎഇയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ രാജ്യത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ അനാഥമാകുന്നു. നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്ക് കാണാന്‍ പോലും പറ്റാതെ പല മൃതദേഹങ്ങളും ഇവിടെ തന്നെ അടക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സ്വന്തം കുടുംബത്തിന് വേണ്ടി നാടുവിട്ട് ജോലിക്കായി മറ്റ് രാജ്യങ്ങളില്‍ എത്തുന്നവരാണ് മിക്ക പ്രവാസികളും. ഇതില്‍ അന്‍പത് ശതമാനവും നാട്ടിലേക്ക് അവധിക്ക് പോകുന്നത് രണ്ട് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ്. പ്രവാസ ജീവിതത്തിനിടെ മരണം സംഭവിച്ചാല്‍ പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ഒന്നുകാണാന്‍ പെട്ടിക്കുള്ളില്‍ വിമാനത്തില്‍ എത്തുന്ന ജീവനറ്റ ശരീരം മാത്രമാണ് ലഭിക്കുക. പക്ഷെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കിയത്തോടെ അന്ത്യകര്‍മങ്ങള്‍ക്കായി പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മൃതദേഹങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിലായി 15ഓളം മൃതദേഹങ്ങള്‍ ദുബായ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതത്തോടെ മൃതദേഹങ്ങള്‍ ഇവിടെ തന്നെ മറവ് ചെയ്യുന്നു. അതുപോലെ വിമാന സര്‍വീസുകളുടെ നിയന്ത്രണം മാറുന്നത് വരെ മോര്‍ച്ചറിയില്‍ കാത്തുകിടക്കുന്ന മൃതദേഹങ്ങളുമുണ്ട്.