ലോക്ക് ഡൌണ്‍ ; സംസ്ഥാനത്ത് പച്ചക്കറി ക്ഷാമം ; ഉള്ളി വില ഇരട്ടിയായി , തക്കാളിക്കും വിലകൂടി
കേരളത്തിന് പിന്നാലെ കേന്ദ്രവും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്ത് പച്ചക്കറി ക്ഷാമവും വില കൂടുതലും. രണ്ട് ദിവസത്തിനിടയില്‍ പലയിനങ്ങള്‍ക്കും 10 രൂപയോളം കൂടി. ചില്ലറവില്പനക്കാരാകാട്ടെ തോന്നിയ പോലെയാണ് പലതിനും വില ഈടാക്കുന്നത്. മൊത്ത വിപണിയെക്കാള്‍ വലിയ തോതില്‍ വില കൂടുകയാണ് ചില്ലറ വിപണിയില്‍. രണ്ട് ദിവസത്തിനിടയിലാണ് പച്ചക്കറിയുടെ വില ഇങ്ങനെ ഉയരുന്നത്. അതുപോലെ കൃത്രിമമായ ക്ഷാമം ഇവയ്ക്ക് ഉണ്ടാക്കുന്നു എന്നും ആരോപണം ഉണ്ട്.
സവാള 30 രൂപയുണ്ടായിരുന്നത് ചില്ലറ വിപണിയില്‍ 40 രൂപയായി. തക്കാളിയുടെ വില 20ല്‍ നിന്ന് 30 രൂപയിലെത്തി. ചെറിയുള്ളിയ്ക്ക് പലയിടങ്ങളിലും തോന്നിയപോലെയാണ് വില. 30 രൂപ വരെ ചെറിയുള്ളിക്ക് കൂടി. 23ന് 80 രൂപയായിരുന്ന ചെറിയുള്ളിക്ക് മൊത്തവിപണിയില്‍ ഇന്നത്തെ വില 105 രൂപയാണ്. ചില്ലറ വിപണിയില്‍, അതായത് നമ്മുടെ കൈകളിലെത്താന്‍ 120 രൂപ കൊടുക്കണം പുതിയ സാഹചര്യത്തില്‍.
110 മുതല്‍ 120 രൂപ വരെ കൊടുക്കണം, ഒരു കിലോ വെളുത്തുള്ളി ലഭിക്കാന്‍. 25 മുതല്‍ 30 രൂപ വരെയുണ്ടായിരുന്ന പച്ചമുളകിന് 40 മുതല്‍ 45 രൂപയായി. പയറിനും ബീറ്റ്‌റൂട്ടിനും 45 രൂപയായും വര്‍ധിച്ചു. ഇഞ്ചിക്ക് പതിവ് പോലെ തന്നെ 80 രൂപയിലെത്തി. ഇതരസംസ്ഥാനത്ത് നിന്നും പച്ചക്കറിയുടെ വരവ് കുറഞ്ഞതും കൊണ്ട് വരുന്ന വാഹനങ്ങളുടെ വില കൂടിയതുമാണ് കാരണമായി വ്യാപാരികള്‍ പറയുന്നത്.