ലോക് ഡൗണ്‍ ; കണ്ണൂരില്‍ 50 പേര്‍ അറസ്റ്റില്‍

ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ ജില്ലയില്‍ പുറത്തിറങ്ങിയ 50 പേര്‍ അറസ്റ്റില്‍. മൊത്തം 51 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഹോം ക്വറാന്റയിന്‍ നിര്‍ദേശം ലംഘിച്ചതിനാണ് ഒരാള്‍ക്കെതിരെ കേസെടുത്തത്.
അതുപോലെ കോട്ടയത്ത് ലോക് ഡൗണ്‍ നിയന്ത്രണം ഭേദിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ 636 വാഹന ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുമുണ്ട്. ഒന്നിലധികം തവണ നിയമലംഘനം നടത്തിയവരുടെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കര്‍ശന നടപടിയെടുത്ത് തുടങ്ങിയതോടെ നിരത്തില്‍ വാഹനത്തിരക്കിന് ശമനമായി. ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൊവിഡ് 19 രോഗമുള്ള 12 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോട്ടും ചികിത്സയിലുണ്ട്. രോഗം ഭേദമായതിനാല്‍ ഒരാള്‍ നേരത്തെ ആശുപത്രി വിട്ടിരുന്നു.രോഗബാധ സംശയിച്ച് 81 പേര്‍ ആശുപത്രികളിലും 7909 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പരിശോധനയ്ക്കയച്ചതില്‍ 86 സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്.