ഫ്‌ലിപ്പ്കാര്‍ട്ട് സേവനം നിര്‍ത്തി; അത്യാവശ്യസാധനങ്ങള്‍ മാത്രമെന്ന് ആമസോണ്‍
രാജ്യം മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും അടച്ചുപൂട്ടി. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ വമ്പന്‍മാരിലൊരാളായ ഫ്‌ലിപ് കാര്‍ട്ട് ലോക്ക്ഡൗണ്‍ നിലവില്‍ വന്ന കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ തന്നെ സേവനം നിര്‍ത്തിയിരുന്നു. മറ്റൊരു ഷോപ്പിംഗ് സൈറ്റായ ഗ്രോഫേഴ്‌സും സമാനരീതിയില്‍ സേവനം താത്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
എന്നാല്‍ നിലവില്‍ അത്യാവശ്യം വേണ്ട സാധനങ്ങളുടെ വിതരണം നടത്തുമെന്നാണ് ആമസോണ്‍ അറിയിച്ചിട്ടുള്ളതെങ്കിലും ഇതും എത്ര നാളത്തേക്കാണെന്ന് വ്യക്തതയില്ല. മുന്‍ഗണനയില്ലാത്ത സാധനങ്ങളുടെ ഡെലിവറി നിര്‍ത്തിവയ്ക്കുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്‌ലിപ് കാര്‍ട്ടും സേവനം നിര്‍ത്തി വച്ചത്.
വേഗം മടങ്ങിയെത്തുമെന്നും വീടുകളില്‍ സുരക്ഷിതരായി കഴിയൂ എന്നുമാണ് ഫ്‌ലിപ്പ് കാര്‍ട്ട് സൈറ്റില്‍ ഇപ്പോഴുള്ള സന്ദേശം. എന്നാല്‍ ഉപഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം തന്നെ ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ താത്ക്കാലികമായി ചില ഓര്‍ഡറുകള്‍ക്ക് മാത്രമെ പരിഗണന നല്‍കാനാകു. വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍, പാക്കേജ് ഫുഡ്, ഹെല്‍ത്ത് കെയര്‍, ആരോഗ്യ പരിരക്ഷ, ശുചിത്വം, വ്യക്തി സുരക്ഷ ഉത്പ്പന്നങ്ങള്‍ക്കാണ് മുന്‍ഗണന. അത്യാവശ്യം അല്ലാത്ത ഉത്പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതും താത്ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട് എന്നാണ് ആമസോണ്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ അവസരത്തില്‍ സപ്ലൈസ് എങ്ങനെ ശേഖരിക്കും അത് ആളുകളിലേക്ക് എങ്ങനെ എത്തിക്കും തുടങ്ങിയത് സംബന്ധിച്ച് വ്യക്തതയോ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സൈറ്റുകള്‍ താത്ക്കാലികമായി സേവനം അവസാനിപ്പിച്ചിരിക്കുന്നത്.