റഷ്യയില്‍ ഭൂകമ്പം ; സുനാമി ഭീഷണി
കൊറോണ വൈറസ് ഭീഷണിയ്ക്കിടെ പ്രകൃതി ദുരന്തങ്ങളും. റഷ്യയിലെ കുറില്‍ ദ്വീപിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുമുണ്ടായി. ഇതിനെ തുടര്‍ന്ന് ചെറിയ തിരമാലകള്‍ കടലില്‍ രൂപപ്പെട്ടു. പസഫിക് സമുദ്രത്തിനും ഒഖോത്സ്‌ക് കടലിനുമിടയിലാണ് ദ്വീപ്. സഖാലിന്‍ സമയം 1515 (0415 ജിഎംടി) സെവേറോ കുരിള്‍സ്‌കില്‍ ആണ് സുനാമിയുടെ തരംഗങ്ങള്‍ രൂപം കൊണ്ടത്.
20 ഇഞ്ച് ഉയരത്തില്‍ വരെ തിരമാലകള്‍ രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് വെസ്റ്റ് കോസ്റ്റ്, അലാസ്‌ക, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ സുനാമിക്ക് സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ തീരത്തും നാശനഷ്ടങ്ങളുണ്ടായേക്കില്ല. അറിയിപ്പില്‍ ചില മാറ്റങ്ങളുണ്ടാകാമെന്ന് ജപ്പാന്‍ നിരീക്ഷണ കേന്ദ്രം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു അറിയിപ്പുമുണ്ടായിട്ടില്ല. ദ്വീപിലെ താമസക്കാരെ സുരക്ഷിതരായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.