കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ ആടുജീവിതം സിനിമ സംഘത്തിന്റെ അവസ്ഥ

ജോര്‍ദാനിലെ മരുഭൂമിയില്‍ ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഉടലെടുത്ത കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ പൃഥ്വിരാജ് ഉള്‍പ്പെടുന്ന സംഘത്തിന് ഒടുവില്‍ ചിത്രീകരണം തുടരാന്‍ അനുമതി. 58 പേരടങ്ങുന്ന സംഘത്തിന് കേവലം 10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രം ശേഷിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകന്‍ ബ്ലെസി ആന്റോ ആന്റണി എം.പി.ക്ക് അയച്ച മെയ്‌ലിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലാണ് അനുമതി ലഭിച്ചത്.

സര്‍ക്കാര്‍ അനുമതിയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും വാദിറാം മരുഭൂമിയില്‍ 58 പേരുടെ സംഘം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒറ്റപ്പെടുകയായിരുന്നു. ഏറിയാല്‍ പത്ത് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ കൈവശമുള്ളൂ. അന്തര്‍ സംസ്ഥാന യാത്ര പോലും അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ അവശ്യ വസ്തുക്കള്‍ പോലും തീര്‍ന്നുപോകാനുള്ള സാഹചര്യമുണ്ട്. അതിനാല്‍ എത്രയും വേഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്യാമ്പില്‍ ജോര്‍ദാനില്‍ നിന്നുള്ള ഡോക്റ്റര്‍മാരും, ഇന്ത്യയില്‍ നിന്നും സംഘത്തോടൊപ്പം എത്തിയ ഡോക്ടറും ഉണ്ടെന്നും മെയിലില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേതുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ സിനിമാ സംഘത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എം.പി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ: ജയശങ്കറിന് മെയില്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാവുകയും ചെയ്തു.