കൊറോണ ; 1,70,000 കോടിയുടെ പുതിയ കേന്ദ്ര പാക്കേജ് പ്രഖ്യാപിച്ചു

രാജ്യം അടച്ചുപൂട്ടലിലേക്ക് കടന്ന് 36 മണിക്കൂറിന് പിന്നാലെ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കുമാണ് പാക്കേജില്‍ മുന്‍ഗണന. അടുത്ത 3 മാസത്തേക്കാണ് പ്രഖ്യാപനങ്ങള്‍ എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്‌ഡൌണിലായ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്ക് 15 കിലോ ധാന്യം സൌജന്യമായി ലഭിക്കും. അരിയോ ഗോതമ്പോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. അഞ്ച് കിലോ അരി വീതം മൂന്ന് മാസം സൌജന്യമായി നല്‍കും. ആരും പട്ടിണി കിടക്കരുതെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡിന് എതിരായി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്ളതായിരുന്നു ആദ്യ പ്രഖ്യാപനം. ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, അടക്കമുള്ള 20 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

പാവപ്പെട്ടവര്‍ക്കും ഗ്രാമീണമേഖലയില്‍ ഉള്ളവര്‍ക്കുമായിരുന്നു പിന്നീടുള്ള പ്രഖ്യാപനങ്ങള്‍. പ്രധാനമന്ത്രി കല്യാണ്‍ അന്ന യോജന വഴി 80 കോടി പേര്‍ക്ക് നിലവില്‍ ലഭിക്കുന്നതിന് പുറമെ 5 കിലോ ഭക്ഷ്യധാന്യം സൗജന്യം. 5 കിലോ അരിയോ ഗോതമ്പോ അടുത്ത 3 മാസത്തേക്ക് സൗജന്യമായി ലഭിക്കും. ഒരു കിലോ പരിപ്പ് അല്ലെങ്കില്‍ പ്രദേശത്ത് ലഭ്യമാകുന്ന പരിപ്പ് വര്‍ഗം ഇതോടൊപ്പം ലഭിക്കും. റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് വെച്ച് ഇത് നല്‍കും.

പാക്കേജിലെ സുപ്രധാന വാഗ്ദാനങ്ങള്‍ : 

കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്.
ദരിദ്രര്‍ക്ക് മൂന്ന് മാസത്തേക്ക് 5 കിലോ വീതം അരിയും ഗോതമ്പും. (നിലവില്‍ ലഭിക്കുന്ന 5കിലോയ്ക്ക് പുറമെ)
പൊതുവിതരണ സംവിധാനം വഴി ദരിദ്രര്‍ക്ക് സൗജന്യമായി ഒരുകിലോപയര്‍/ പരിപ്പ്.
പ്രായമായവര്‍, വിധവകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് 1000 രൂപ വീതം അധികം അക്കൗണ്ടിലെത്തും.
വനിതാ ജന്‍ധന്‍ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ വീതമെത്തും.
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 182ല്‍ നിന്ന് 202 രൂപയാക്കി.
ഉജ്വല പദ്ധതിയില്‍പെട്ട ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍.
കിസാന്‍ സമ്മാന്‍ നിധിയുടെ 2000 രൂപ ഏപ്രില്‍ ആദ്യവാരം കര്‍ഷകരുടെ അക്കൗണ്ടിലെത്തും.
ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ (15000ത്തില്‍ താഴെ ശമ്പളമുള്ള) അടുത്ത മൂന്ന് മാസത്തെ പിഎഫ് കേന്ദ്രം അടയ്ക്കും.
പിഎഫിലെ 75% തുക പിന്‍വലിക്കാം.തിരിച്ചടയ്‌ക്കേണ്ട ആവശ്യമില്ല
വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള ഈടുരഹിത വായ്പാതുക പത്ത് ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി .