സൗദി കോവിഡ് മരണം മൂന്നായി: രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു

സൗദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ മൂന്നായി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്ന് 112 കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 1012 ആയി.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഉത്തരവ് നടപ്പാക്കാന്‍ സായുധ വിഭാഗം രംഗത്തിറങ്ങി. ഇതോടെ ഈ നഗരങ്ങളിലുള്ളവര്‍ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല. മറ്റു നഗരങ്ങള്‍ക്കും പ്രവിശ്യകള്‍ക്കും പഴയതു പോലെ വൈകീട്ട് ഏഴ് മണിക്കാണ് കര്‍ഫ്യൂ നടപ്പാക്കുക. പ്രവിശ്യകള്‍ തമ്മിലുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് പ്രവാസികളും. വ്യാപാര സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുയാണ്. പ്രതിസന്ധി മറികടക്കാന്‍ റൂമില്‍ കഴിയുക മാത്രമാണ് പരിഹാരമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ജിസിസിയില്‍ അവസാന ഘട്ടത്തിലാണ് സൌദിയില്‍ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാല്‍ തന്നെ രോഗമോചിതരാകുന്നവരുടെ എണ്ണം വരും ദിനങ്ങളിലും വര്‍ധിക്കും.

കോവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി-20 അംഗരാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ചേരും. സൗദി ഭരണാധികാരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. യോഗത്തില്‍ ഐക്യരാഷ്ട്ര സഭ, ലോകാരോഗ്യ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി ലഘൂകരിക്കുന്നതിനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് അടിയന്തിര ഉച്ചകോടി വിളിച്ചു ചേര്‍ത്തത്.

പ്രവിശ്യകള്‍ തിരിച്ചുള്ള വിവരങ്ങള്‍ ഇപ്രകാരമാണ്:

റിയാദ് 34, മക്ക 26, താഇഫ് 18, ജിദ്ദ 13, ദമ്മാം 6, ഖത്തീഫ് 5, മദീന 3, ഖോബാര്‍ 2, ഹൊഫൂഫ് 2, ദഹ്‌റാന്‍ 1, ബുറൈദ 1, ഖഫ്ജി 1. വിദേശത്ത് നിന്ന് മടങ്ങിയെത്തിയതാണ് 12 കേസുകള്‍. 100 കേസുകള്‍ സന്പര്‍ക്കത്തിലൂടെ പടര്‍ന്നതാണ്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം നാലാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 33 ആയി.