കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണം; പിന്നില്‍ ഐ എസില്‍ ചേര്‍ന്ന മലയാളിയെന്ന് റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാനിലെ കാബൂളില്‍ സിക്ക് ഗുരുദ്വാര ആക്രമണത്തിനു പിന്നില്‍ കാസര്‍ഗോഡ് സ്വദേശിയെന്ന് സൂചന. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹ്‌സിനാണ് ചാവേര്‍ സംഘത്തെ നയിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 2017-18 കാലം മുതല്‍ മുഹ്‌സിനെ കാണാനില്ലായിരുന്നു. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ ദുബായില്‍ നിന്നും കാബൂളിലേക്ക് പോയതായാണ് വിവരം.

കാസര്‍ഗോഡുള്ള ഇയാളുടെ വസതിയില്‍ എന്‍ഐഎ സംഘം എത്തി വീട്ടിലുണ്ടായിരുന്ന ഫോണുകള്‍ പിടിച്ചെടുത്തു എന്നാണ് വിവരം. കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ വിവര പ്രകാരം സംസ്ഥാന ഇന്റലിജന്‍സ് സമാന്തരമായി വിഷയത്തില്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഐഎസ്‌ഐഎസില്‍ എത്തിയ അബു ഖാലിദ് അല്‍ ഹിന്ദിയുടെ ചിത്രങ്ങളാണ് ഐഎസ് പുറത്ത് വിട്ട അവരുടെ പ്രചാരണ മാഗസിന്‍ അയ അല്‍ നാബയില്‍ ഇടം പിടിച്ചത്. കാബൂളില്‍ ഗുരുദ്വാരയുടെ നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിനാണ് ഐഎസ്‌ഐഎസില്‍ അബു ഖാലിദ് എന്ന് അറിയപെടുന്നത്.ഇയാള്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരിക്കവെയാണ് ഐഎസില്‍ ചേരുന്നതിനായി കേരളം വിട്ടത്.ഇയാള്‍ ദുബായില്‍ നിന്നാണ് ഐഎസില്‍ എത്തിയത്. നേരത്തെ മുഹ്‌സിന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.